ഒറ്റപ്പാലം: പള്ളികളും പള്ളിക്കൂടങ്ങളും ഭേദമില്ലാതെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാകുന്നു. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ എ.ബി.സി പദ്ധതിക്കും രക്ഷിക്കാൻ കഴിയാത്ത വിധത്തിലാണ് ഒറ്റപ്പാലം മേഖലയിൽ തെരുവുനായ്ക്കൾ പെരുകുന്നത്. ആട്ടി ഓടിക്കാൻ ശ്രമിച്ചാൽ ആക്രമകാരികളാകുന്ന അവസ്ഥയിലാണ് ഇവയിൽ പലതും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സഞ്ചരിക്കുന്ന പൊതുനിരത്തുകളിലും നാട്ടിടവഴികളിലും ഇവ സംഘം ചേർന്ന് നിൽക്കുന്നത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്.
തെരുവുനായ്ക്കളുടെ ശല്യത്തെ തടുർന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള കോഴി വളർത്തൽ ഭൂരിഭാഗം പേരും ഉപേക്ഷിച്ചു. വീട്ടു മതിൽ വരെ ചാടിക്കടന്ന് വരുന്ന നായ്ക്കൾ ചേർന്ന് കോഴികളെ ആക്രമിക്കുമ്പോൾ നോക്കി നിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ എന്നാണ് വീട്ടമ്മമാരുടെ ആവലാതി. കോഴി വളർത്തലിലൂടെ ചെറിയ തോതിൽ കണ്ടെത്തിയിരുന്ന വരുമാനവും നായ്ക്കൾ മൂലം നഷ്ടമായി.
ഇവയുടെ കടിയേൽക്കുന്നവരെ കുത്തിവെപ്പിന് പാലക്കാടും തൃശൂരും കൊണ്ടുപോകേണ്ട അവസ്ഥയുമുണ്ട്. നിർധനരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിയ എ.ബി.സി പദ്ധതി പ്രഹസനമാകും വിധത്തിലാണ് പ്രവർത്തിക്കുന്നത്.
കോഴി മാലിന്യം ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഇവയുടെ വർധനവിന് കാരണമാകുന്നു. നൂറുക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ബാങ്കുകൾക്കും സർക്കാർ ഓഫിസുകൾക്ക് മുന്നിലും നായ്ക്കളുടെ സംഘത്തെ കാണാൻ കഴിയും. കടിയേൽക്കാതിരിക്കാൻ ആളുകൾ വഴിമാറി പോകേണ്ട ഗതികേടിലാണ്. എ.ബി.സി പദ്ധതി കാര്യക്ഷമമാക്കാൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.