ഒറ്റപ്പാലം: തെരുവ് നായ്ക്കളുടെ വംശവർധന നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കിയ എ.ബി.സി പദ്ധതി ഒറ്റപ്പാലത്ത് പ്രഹസനമാകുന്നു. 36 വാർഡുകളുള്ള നഗരസഭയിൽ സെപ്റ്റംബറിൽ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കിയത് കേവലം 20 തെരുവുനായ്ക്കളെയാണ്. ഒരു വാർഡിലെ തെരുവുനായ്ക്കളുടെ കണക്കെടുത്താൽ തന്നെ ഇതിന്റെ പലമടങ്ങ് കാണാൻ കഴിയുമെന്നിരിക്കെയാണ് ഈ അവസ്ഥ. ഷൊർണൂരിൽ 44 ഉം ലക്കിടി പേരൂർ പഞ്ചായത്തിൽ 56 ഉം ഉൾപ്പടെ ഒരു മാസം മൊത്തം വന്ധ്യംകരിച്ചത് 120 തെരുവ് നായ്ക്കളെയാണ്.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽനിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഏക സംവിധാനം ഒറ്റപ്പാലം മൃഗാശുപത്രിയാണ്. പട്ടാമ്പി ഉൾപ്പടെ ദൂരദിക്കുകളിൽ നിന്നും എത്തിക്കുന്ന തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും കൊണ്ടുചെന്ന് വിടുന്നതായ ആക്ഷേപം താലൂക്ക് വികസന സമിതി യോഗങ്ങളിൽ പതിവ് പരാതിയാണ്. ഒറ്റപ്പാലത്തെ നായ്ക്കളുടെ എണ്ണപ്പെരുപ്പത്തിന് മുഖ്യ കാരണം ഇതാണെന്ന ആക്ഷേപവുമുണ്ട്. പിടിക്കപ്പെടുന്ന സ്ഥലത്ത് തന്നെ ഇവയെ തിരികെ വിടണമെന്നാണ് നിർദേശമെങ്കിലും ഇതിനുള്ള അധ്വാനം കണക്കിലെടുത്താണ് ഇവയെ സമീപ പ്രദേശങ്ങളിൽ കൈയൊഴിയുന്നതെന്നാണ് വിവരം.
വന്ധ്യംകരിച്ച നായ്ക്കളെ സുരക്ഷിതമായ ഷെൽറ്ററുകളിൽ പാർപ്പിക്കണമെന്ന ആവശ്യവും നടപ്പാകുന്നില്ല. ഇതിന് അനുയോജ്യമായ സ്ഥലം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒറ്റപ്പാലത്ത് ഇതിന് അനുയോജ്യമായ ഒരിടം കണ്ടെത്താൻ നഗരസഭക്കോ മേഖലയിലെ പഞ്ചായത്തുകൾക്കോ കഴിഞ്ഞിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ സ്വയം സന്നദ്ധരായി ഷെൽട്ടർ സ്ഥാപിക്കാൻ മുന്നോട്ടുവന്നാൽ അനുമതി ലഭിക്കുമോ എന്ന അന്വേഷണത്തിനും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. അനിമൽ വെൽഫെയർ ബോർഡിന്റെ നിബന്ധനകൾ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി ലഭിക്കുക എന്നതാണ് അധികാരികളുടെ നിലപാട്. നായ്ക്കളെ പിടിക്കുന്നതിന് ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്.
കരാർ അടിസ്ഥാനത്തിൽ തുടരാൻ പരിശീലനം ലഭിച്ച നായ പിടിത്തക്കാർ വൈമനസ്യം കാട്ടുന്നതായാണ് വിവരം. സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്ന പക്ഷം പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന നിർദേശവും താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.