ഒറ്റപ്പാലം: ട്രാൻസ്ഫോർമർ തകരാറിലായായതിനെ തുടർന്ന് നാല് ദിവസമായി ജലവിതരണം അവതാളത്തിലായ അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം നഗരസഭ എന്നീ പ്രദേശങ്ങളിക്കുള്ള കുടിവെള്ളം പമ്പിങ് പുനരാരംഭിച്ചു. രാപ്പകൽ ഭേദമില്ലാതെ നടന്ന അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്. പമ്പിങ് നടക്കുന്നുണ്ടെങ്കിലും ജലശൂന്യമായി കിടക്കുന്ന വിതരണ കുഴലുകൾ നിറഞ്ഞ് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ജല അതോറിറ്റി എ.ഇ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീറ്റ്ന പമ്പ് ഹൗസിലെ ട്രാൻഫോർമാർ തകരാറിലായത്. ഇതോടെ അമ്പലപ്പാറയിലും ഒറ്റപ്പാലത്തുമുള്ള 17,000ഓളം ഗുണഭോക്താക്കൾക്കാണ് കുടിവെള്ളം മുട്ടിയത്. വെൻറിങ് കത്തി നശിച്ചതാണ് ട്രാൻസ്ഫോർമറിനുണ്ടായ തകരാറെന്ന് കണ്ടെത്തിയെങ്കിലും ഇത് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ ദിവസങ്ങളെടുക്കുമെന്നതിനാൽ പുതിയൊരെണ്ണം വാങ്ങുകയായിരുന്നു.
പോത്തുണ്ടിയിൽനിന്ന് വാങ്ങിയ ഒന്നര ടണ്ണോളം ഭാരമുള്ള ട്രാൻസ്ഫോർമർ റെയിൽ പാളത്തിന് അപ്പുറമുള്ള പമ്പ് ഹൗസിലെത്തിക്കുക ഏറെ ശ്രമകരമായിരുന്നു. ട്രാൻസ്ഫോർമർ സ്ഥാപിച്ച ശേഷവും പ്രവർത്തനം തടസ്സപ്പെടുന്നത് പരിശോധിച്ച വേളയിലാണ് കേബിളുകൾക്കും പ്രശ്നമുള്ളതായി ബോധ്യപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയിലും മുഴുവൻ സമയം ജോലിചെയ്താണ് ശനിയാഴ്ച പുലർച്ചെ പമ്പിങ് സാധ്യമായത്. ഇരു പ്രദേശങ്ങളിലേക്കും ഭാരതപ്പുഴയിലെ മീറ്റ്ന പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനാലാണ് ഒരേ സമയം ജലക്ഷാമം നേരിടാൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.