ഒറ്റപ്പാലം: ‘വയനാടിനൊരു വരത്താങ്ങ്’ എന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളിലുള്ള ചിത്രകലാകാരന്മാർ ഒറ്റപ്പാലത്ത് ഒത്തുകൂടി. കേരള ചിത്രകല പരിഷത്തിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം ബസ് സ്റ്റാൻഡിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചനയിൽ പ്രാഗദ്ഭ്യം തെളിയിച്ച 25 ഓളം ചിത്രകാരന്മാരാണ് തങ്ങളാൽ കഴിയുന്ന സഹായം വയനാടിനെത്തിച്ചുനൽകുക എന്ന ലക്ഷ്യത്തോടെ ഒറ്റപ്പാലത്ത് എത്തിയത്.
‘വയനാടിനൊരു വരത്താങ്ങ്’ എന്ന പേരിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചിത്ര രചനയും വിൽപനയും നടക്കുന്നുണ്ട്. ആവശ്യക്കാർക്ക് ചിത്രം വരച്ചുനൽകുന്നതിന് 100 രൂപയാണ് ഇവർ ഈടാക്കുന്നത്. ഇവർ കൊണ്ടുവന്ന 40ലേറെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. വേദിക്കരികിൽ വെച്ചിരിക്കുന്ന ബക്കറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നവർക്ക് ഈ ചിത്രങ്ങളിൽ ഒരെണ്ണം സ്വന്തമാക്കാം. ഇവയിൽ ഫ്രെയിം ചെയ്ത ചിത്രങ്ങളാണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഫ്രെയിമിന്റെ വില നൽകണം.
തത്സമയ ചിത്രം വരക്കുന്നിടത്താണ് ആവശ്യക്കാർ ഏറെയുമുള്ളത്. ദുരന്തഭൂമിയായി മാറിയ വയനാടിനായി കടകൾ കയറിയിറങ്ങി ബക്കറ്റ് പിരിവ് നടത്താനുള്ള താൽപര്യക്കുറവാണ് ‘വയനാടിനൊരു വരത്താങ്ങ്’ സംഘടിപ്പിക്കാൻ പ്രേരണയായതെന്ന് പരിഷത്ത് ജില്ല സെക്രട്ടറി ജയ് പി. ഈശ്വർ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. ജാനകിദേവി നിർവഹിച്ചു.
ജില്ല പ്രസിഡന്റ് അജയൻ കൂറ്റനാട് അധ്യക്ഷത വഹിച്ചു. ഉണ്ണി മണ്ണെങ്ങോട്, ബാബു കളഭം എന്നിവർ സംസാരിച്ചു. ജയ് പി. ഈശ്വർ സ്വാഗതവും സജീവ് തോപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.