ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ സ്വപ്ന പദ്ധതിയായ പാർക്ക് നിർമാണത്തിനാവശ്യമായ സ്ഥലം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ല കലക്ടർ ഡോ. എസ്. ചിത്ര. ഈസ്റ്റ് ഒറ്റപ്പാലം കിഴക്കേ തോടിനോട് ചേർന്ന് പാർക്ക് നിർമാണത്തിനായി ഒരുക്കിയ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു കലക്ടറുടെ പ്രതികരണം. പാർക്ക് നിർമാണ ഭാഗമായി കെട്ടിയ കരിങ്കൽ സംരക്ഷണ ഭിത്തി കഴിഞ്ഞ മാസം തോട്ടിലേക്ക് മറിഞ്ഞുവീണിരുന്നു. ഇതിന്റെ പുനർനിർമാണം കൈമാറും മുമ്പ് പൂത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. കരിങ്കൽ കെട്ടിലേക്ക് മുകളിൽനിന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ മണ്ണ് കോരിയിട്ട് നികത്തിയതാണ് നിലംപൊത്താൻ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്.
തോടരികിൽ നഗരസഭയുടെ അധീനതയിലുള്ള 70 സെന്റിലാണ് ജില്ല പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാർക്ക് നിർമിക്കുന്നത്. സായാഹ്നങ്ങൾ ചെലവിടാൻ യാതൊരു സംവിധാനവും ഇല്ലാത്ത ഒറ്റപ്പാലത്ത് പാർക്ക് യാഥാർഥ്യമാകുന്നത് സംബന്ധിച്ച പ്രഖ്യാപനത്തെ ഇരുകൈയും നീട്ടിയാണ് നാട്ടുകാർ സ്വീകരിച്ചത്.
ഡി.ടി.പി.സി തയാറാക്കിയ പദ്ധതി രേഖക്ക് 99.4 ലക്ഷം രൂപ അനുവദിക്കുകയും ഇതേ തുടർന്ന് തോടിന്റെ കരയോട് ചേർന്നുള്ള ചുറ്റുമതിൽ നിർമിക്കുകയുമായിരുന്നു. നിർമാണം പൂർത്തിയാക്കി ഏറെ കഴിയും മുമ്പാണ് ഭിത്തി തകർന്നത്. കൂടുതൽ സുരക്ഷയുള്ള കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിന് പകരം തോടിന്റെ അരിക് ചേർന്ന് കരിങ്കൽ കെട്ടിപൊക്കിയതാണ് തകർച്ചക്ക് കാരണമായി പറയുന്നത്.
തോടിന് കുറുകെ പ്രത്യേക ലൈറ്റ് സംവിധാനത്തിൽ നടപ്പാത, തോട്ടിലെ തടയണ ഉപയോഗപ്പെടുത്തി ചെറിയ ബോട്ടിങ് സംവിധാനം, തണലും ഇരിപ്പിടവും സജ്ജീകരിക്കൽ, കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനം, കോഫി ഷോപ്പ്, ശൗചാലയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെട്ടതാണ് പാർക്ക്.
രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ കെ. അബ്ദുൽ നാസർ, നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ്, എൻജിനീയർ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.