പാലക്കാട്: പാലക്കാട് അമൃത് മാസ്റ്റർ പ്ലാനിന് സർക്കാർ വിജ്ഞാപനമായി. ആഗസ്റ്റ് മൂന്ന് മുതൽ പ്രാബല്യത്തിൽ വരുംവിധം തീയതിയിട്ടാണ് വിജ്ഞാപനം. ഇതുപ്രകാരം വിശദ നഗരാസൂത്രണ പദ്ധതികളായ അയ്യാപുരം രാമനാഥപുരം, ബിഗ്ബസാർ, കൽവാക്കുളം, സ്റ്റേഡിയം കോംപ്ലക്സ്, സെൻട്രൽ ഏരിയ തുടങ്ങിയവ ഇല്ലാതാകും.
പകരം ഫോർട്ട് ആൻഡ് എൻവിറോൺസ്, സിവിൽസ്റ്റേഷൻ-മണപ്പളളിക്കാവ്-എൻ.എച്ച്, സബ്സെന്റർ ഏര്യ മേഴ്സി കോളജിന് സമീപം, സബ് സെന്റർ ഏരിയ പൂത്തൂർ, ഒലവക്കോട്, വെറ്റിലക്കുളം, കൽമണ്ഡപം എന്നിവ യാഥാർഥ്യമാകും. 1986നു ശേഷം ഇതാദ്യമായാണ് പാലക്കാട് നഗരത്തിന് മാസ്റ്റർ പ്ലാൻ യാഥാർഥ്യമാകുന്നത്. നിലവിൽ നെൽവയൽ തണ്ണീർത്തട നിയമത്തിലെ ഇളവുകൾ പൂർണമായും ലഭ്യമല്ലാത്ത സ്ഥിതിയാണ് നഗരത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ പുതിയ മാസ്റ്റർ പ്ലാനിൽ നെൽവയൽ നിയമത്തിലെ ഇളവുകൾ എല്ലാം തന്നെ ആളുകൾക്ക് ലഭ്യമാകുന്ന തരത്തിലാണ് ചട്ടങ്ങൾ രൂപവത്കരിച്ചത്. ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ സർവേ നമ്പറിലും ഉള്ള ഭൂവിനിയോഗവും ആയതിന്റെ സോണിങ്ങും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ കൂടിയാണ് ഇത് തയാറാക്കിയത്.
12 മോഡ്യൂൾ മാപ്പുകൾ കൂടി ഉള്ളതിനാൽ പൊതുജനങ്ങൾക്ക് മാസ്റ്റർ പ്ലാൻ പരിശോധിക്കാനും മനസ്സിലാക്കാനും കൂടുതൽ എളുപ്പമുണ്ടാകും. കൂടാതെ നഗരത്തിനകത്തെ സ്ഥലപരിമിതി കണക്കിലെടുത്തുകൊണ്ട് വാണിജ്യ നിർമാണങ്ങൾക്ക് ബിൽഡിങ് റൂളിൽ ഇളവുകളും മാസ്റ്റർ പ്ലാൻ വഴി നഗരത്തിലെ ജനങ്ങൾക്ക് ലഭ്യമാകും. റോഡ് വികസനത്തിന് നിലവിലുള്ള കെട്ടിടങ്ങളെയും ചെറിയ ഗാർഹിക നിർമാണങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള നിയന്ത്രണമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.