പാലക്കാട്: ചെയർപേഴ്സൻ പ്രിയ കെ. അജയന്റെ രാജിക്ക് പിന്നാലെ പുതിയ നേതൃത്വത്തിനായി തിരക്കിട്ട ചർച്ചകളുമായി ബി.ജെ.പി. പിന്നാലെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വടംവലിയും ശക്തമായി. തിങ്കളാഴ്ചയാണ് പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ കെ. അജയൻ രാജി നൽകിയത്. ഒരുവിഭാഗം ഭരണകക്ഷി കൗൺസിലർമാരുടെ നേതൃത്വത്തിൽ ഏറെ നാളായി ചെയർപേഴ്സനെതിരെ പോർമുഖം തുറന്നിരുന്നു. ഇത് ഒടുക്കം ഭരണകക്ഷി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു.
മുൻ ചെയർപേഴ്സൻ പ്രമീള ശശിധരൻ, മുതിർന്ന അംഗം ടി. ബേബി, മിനി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് അന്തിമ ചർച്ചയിലുള്ളതെന്നാണ് സൂചന. ഇതിനിടെ പ്രിയ കെ. അജയന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. രാജി മുൻകൂട്ടി ആവശ്യപ്പെട്ട പ്രകാരമെന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്നും പൊടുന്നനെ വിളിച്ച് രാജിയാവശ്യപ്പെടുകയായിരുന്നെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമശ്രദ്ധയും വിവാദങ്ങളുമില്ലാതെ പടിയിറങ്ങാൻ അവസരം നൽകണമായിരുന്നെന്നാണ് ഒരുവിഭാഗം മുതിർന്ന നേതാക്കളടക്കം ചൂണ്ടിക്കാണിക്കുന്നത്.
52 അംഗ സഭയിൽ 28 പേരുടെ പിന്തുണയിലാണ് പാലക്കാട് നഗരസഭയിൽ ബി.ജെ.പി തുടർഭരണം നേടിയത്. ഇത്തവണ അധ്യക്ഷസ്ഥാനം വനിത സംവരണമായിരുന്നു. മുൻ അധ്യക്ഷ പ്രമീള ശശിധരനെ ഒഴിവാക്കി പ്രിയ അജയനെ കൊണ്ടുവന്നത് ആർ.എസ്.എസിന്റെ കൂടി നിർദേശപ്രകാരമാണ്. ഭരണകക്ഷിക്കുള്ളിൽ അന്നുതുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ മറനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.