പാലക്കാട്: നികുതി പരിഷ്കരണത്തിൽ പുതിയ സർക്കാർ മാനദണ്ഡങ്ങൾ നടപ്പാക്കാൻ പാലക്കാട് നഗരസഭ. പുതുക്കിയ നികുതി മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുന്നതോടെ നഗരസഭക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം നികത്താൻ സർക്കാർ വഹിക്കണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നു. അതേസമയം ഈ വിഷയം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയെങ്കിലും പരിഗണിക്കുകയാണെന്നാണ് അറിയിച്ചത്.
നികുതി പരിഷ്കരണത്തിൽ പുതിയ കെട്ടിടങ്ങൾക്ക് മാത്രമാണ് ബാധകമാവുകയെന്നും ഉദ്യോഗസ്ഥർ കൗൺസിലിനെ അറിയിച്ചു. തനത് ഫണ്ട് സ്വയം കണ്ടെത്താൻ സർക്കാർ ശിപാർശ്ശയുള്ളിടത്ത് നികുതിവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയർന്നു.
കോട്ടമൈതാനം പരിസരത്ത് പ്രവർത്തിക്കുന്ന മിൽമ ബൂത്ത് പൊളിച്ചുനീക്കിയതിൽ തെരുവുകച്ചവടക്കാർ കൗൺസിൽ ഹാളിന് പുറത്ത് പ്രതിഷേധിച്ചു. തുടർന്ന് അടിയന്തിര കൗൺസിലിൽ വിഷയം ചർച്ചചെയ്യാൻ അനുവദിക്കണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തിര കൗൺസിലിൽ അജണ്ടയിതര വിഷയങ്ങൾ അനുവദിക്കാനാവില്ലെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ അറിയിച്ചതോടെ പ്രതിഷേധവുമായി അംഗങ്ങൾ ഡയസിന് ചുറ്റും നിരന്നു. തുടർന്ന് യു.ഡി.എഫ് അംഗങ്ങളും വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു.
നഗരസഭയുടെ സ്വന്തം കെട്ടിടത്തോട് അനുബന്ധിച്ചുള്ള കൈയേറ്റങ്ങളടക്കം വിശദാംശങ്ങളടക്കം ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാത്തവർ തിടുക്കത്തിൽ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനൊരുങ്ങിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. അധികാരപ്പെട്ട ഉദ്യോഗസ്ഥന് മെമോ നൽകുകയും മറ്റൊരാളെ കൊണ്ട് നടപടി സ്വീകരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ വിഷയം അജണ്ടകൾക്ക് ശേഷം അനുവദിക്കാമെന്ന് ചെയർപേഴ്സൻ അറിയിക്കുകയായിരുന്നു. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിൽ നിയമനടപടിക്കൊപ്പം വിഷയത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണം നടത്തുമെന്നും വിശദാംശങ്ങൾ ആരായുമെന്നും ചെയർപേഴ്സൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.