പാലക്കാട്: നഗരത്തിലെ മത്സ്യമാർക്കറ്റിൽ റീടെൻഡറിന് നഗരസഭ. മത്സ്യവിൽപന തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നിലപാട് തിരുത്തണമെന്ന ആവശ്യവുമായി മുതിർന്ന ബി.ജെ.പി കൗൺസിലർ എൻ. ശിവരാജൻ തന്നെ കൗൺസിലിൽ രംഗത്തെത്തുകയായിരുന്നു. പെട്ടി ഒന്നിന് തറവാടക അഞ്ചുരൂപയിൽ നിന്ന് 300 ശതമാനം ഉയർത്തി 20 രൂപയാക്കിയത് മന:സാക്ഷിക്ക് നിരക്കുന്നതല്ലെന്നും ശിവരാജൻ പറഞ്ഞു.
നഗരപരിധിയിൽ പുതുതായി ആരംഭിച്ച സ്വകാര്യ മത്സ്യമാർക്കറ്റിൽ തറവാടകയില്ലാത്തതുകൊണ്ടുതന്നെ തൊഴിലാളികൾ അങ്ങോട്ടേക്ക് പോകുന്ന സ്ഥിയിയുണ്ടാകുമെന്ന് ലീഗ് അംഗം ഹസനുപ്പ പറഞ്ഞു. എട്ടുവർഷമായി അഞ്ചുരൂപയാണ് തറവാടക. ഇത് ഉയർത്തണമെന്ന ശുപാർശമാത്രമാണ് ഫിനാൻസ് കമ്മിറ്റിയിൽ തീരുമാനിച്ചതെന്ന് വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു. നഗരസഭയുടെ അനുമതിയില്ലാതെ സമാന്തര മീൻ മാർക്കറ്റ് നടക്കുന്നതിൽ റിപ്പോർട്ട് നൽകാൻ ഹെൽത്ത് സൂപ്പർവൈസറെ ചെയർപേഴ്‌സൻ പ്രിയ അജയൻ ചുമതലപ്പെടുത്തി. മേലാമുറി മീൻമാർക്കറ്റ് സംബന്ധിച്ച് തൊഴിലാളികളെ വിളിച്ച് വിഷയം ചർച്ചചെയ്യണമെന്നും ആവശ്യമുയർന്നു.
നഗരസഭ പരിധിയിൽ പ്രവർത്തന രഹിതമായി തുടരുന്ന വാതക ശ്മശാനങ്ങളെ ചൊല്ലി കൗൺസിലിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. കുന്നുംപുറം വാതക ശ്‌മശാനം പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സ്വകാര്യ നിർമാണ കമ്പനിയുടെ കരാർ റദ്ദ് ചെയ്ത് തുക തിരികെപിടിക്കണമെന്ന മുൻ കൗൺസിൽ തീരുമാനമെടുത്തിരുന്നു. തുടർന്ന് ശനിയാഴ്ച ചേർന്ന കൗൺസിലിൽ നഗരസഭ എൻജിനീയറിങ് വിഭാഗം നിർമാണത്തിന് കരാറുണ്ടായില്ലെന്ന് കാണിച്ച് റിപ്പോർട്ട് റിപ്പോർട്ട് നൽകുകയായിരുന്നു.
കരാറില്ലാത്തതിനാൽ തുക തിരികെപ്പിടിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറില്ലാതെ മുൻ നഗരസഭ ബി.ജെ.പി ഭരണസമിതി ശ്മശാന നിർമാണത്തിന് അനുമതി നൽകിയെന്നും നടപടി വേണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. നഗരവാസികൾ മരിച്ചാൽ നഗരസഭക്ക് പുറത്തുള്ള ശ്മശാനങ്ങളെ അശ്രയിക്കണം. നഗരസഭയുടെ രണ്ട് വാതകശ്‌മശാനങ്ങളും പ്രവർത്തന രഹിതമായിട്ട് ഒമ്പതുമാസമായി. 2013-14ലാണ് കൽപ്പാത്തി കുന്നുംപുറം, ഗവ. മെഡിക്കൽ കോളജിന് പിറകിൽ വഴക്കടവ് എന്നിവിടങ്ങളിൽ വാതകശ്‌മശാനം നിർമിക്കാൻ പദ്ധതിയായത്. മൂന്നുവർഷത്തിന് ശേഷം നിർമാണം പൂർത്തിയാക്കിയെങ്കിലും അധികം വൈകാതെ പ്രവർത്തനം നിലച്ചു. കോവിഡ് കാലത്തടക്കം ശ്മശാനങ്ങൾ പ്രവർത്തിക്കാത്തതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.
നഗരസഭയുടെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപെട്ടവരും മറ്റ് പഞ്ചായത്തിൽ സ്ഥലം നേടിയവരുമായവർക്ക് ഭാവന നിർമാണത്തിന് അനൂകൂല്യം നൽകണമെന്ന സർക്കാർ നിർദേശം വ്യക്തമല്ലെന്നും വ്യക്തത വരുത്തിയാൽ മാത്രമേ നടപ്പാക്കൂ എന്നും ചെയർപേഴ്സൻ പ്രിയ കെ. അജയൻ വ്യക്തമാക്കി. പി.എം.എ.വൈ സ്‌കീമിൽ ഉൾപെടാത്തവരാണെങ്കിൽ ഇവരെ സഹായിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നതിനെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫിലെ ചിലരും എതിർത്തു.
പാവങ്ങൾക്ക് ലഭിക്കുന്ന വീട് ഇല്ലാതാക്കുന്നതാണ് ഭരണസമിതി നിലപാടെന്ന് കാണിച്ച് സി.പി.എം അംഗങ്ങൾ നടുത്തളത്തിലിറങ്ങി ചെയറിന് മുന്നിൽ പ്രതിഷേധിച്ചു. 2020 ലെ പട്ടിക പ്രകാരം 327 അപേക്ഷരാണ് വിവിധ പഞ്ചായത്തുകളിൽ സ്ഥലം വാങ്ങിയവരും അപേക്ഷ നൽകിയവരുമായുള്ളത്. പ്രതിഷേധത്തിനൊടുവിൽ നിർദേശം അംഗീകരിക്കുന്നതിനൊപ്പം പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കുമെന്ന് ചെയർ ഉറപ്പ് നൽകി.
ഹൈകോടതി ഉത്തരവിന്മേൽ 34 ശുചീകരണതൊഴിലാളികളെ (ഡി.എൽ.ആർ) സ്ഥിരപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. 73 ഒഴിവുകളിൽ 39 പേരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും ബാക്കിയുള്ളവരെ ഡി.എൽ.ആർ ലിസ്റ്റിൽ നിന്ന് സ്ഥിരപ്പെടുത്താനുമാണ് തീരുമാനം. സ്ഥിരം ജീവനക്കാർ അവധിയെടുക്കുമ്പോൾ ലിസ്റ്റിലുള്ള മറ്റുവരെ നിയോഗിക്കാം. സീനിയോറിട്ടി തീരുമാനിക്കണമെന്ന് കോൺഗ്രസ് അംഗം സജോ ജോൺ ആവശ്യപ്പെട്ടു.
നിരന്തരമായ അവധിയും ഫയലുകൾ വൈകിപ്പിക്കുന്നതും കാണിച്ച് അസിസ്റ്റന്റ് എൻജിനീയർമാർക്കെതിരെ നടപടി സ്വീകരികണമെന്ന ബി.ജെ.പി അംഗം സ്മിതേഷിന്റെ പരാതി സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ബന്ധപ്പെട്ട എൻജിനീയർക്കെതിരെ നിയമനടപടി ആലോചികുന്നതിനൊപ്പം ചീഫ് എഞ്ചിനീയർക്ക് റിപ്പോർട്ട് നൽകാൻ കൗൺസിൽ തീരുമാനിച്ചു. ഡിസംബർ 24ന് ശേഷം രണ്ടുമാസം കഴിഞ്ഞാണ് സാധാരണ കൗൺസിൽ ചേർന്നത്. 91 അജണ്ടകളാണ് ചർച്ചചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.