പാലക്കാട്: നഗരസഭയിലെ വിവിധ പദ്ധതികളിൽ നിഷേധാത്മക സ്വഭാവവുമായി ഉദ്യോഗസ്ഥർ സൂപ്പർ വിജിലൻസ് ചമയുന്നെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം. വലിയപാടം - മാട്ടുമന്ത റോഡിൽ വിജിലൻസ് പരിശോധനയുടെ അടിസ്ഥാനത്തിൽ കരാറുകാരന്റെ പണം പിടിച്ചുവെക്കുന്നത് സംബന്ധിച്ച് കൗൺസിലർ എൽ.വി. ഗോപാലകൃഷ്ണനാണ് എൻജിനീയറിങ് വിഭാഗത്തിനെതിരെ കൗൺസിലിൽ പരാതി ഉന്നയിച്ചത്. തുടർന്ന് മറ്റു കൗൺസിലർമാരും സമാന പരാതികളുമായി രംഗത്തെത്തി.
പ്രവൃത്തിയിൽ 50 ലക്ഷം നൽകിയതായും ഇനി 15 ലക്ഷം കൂടിയേ നൽകാനുള്ളൂ എന്നും എൻജിനീയറിങ് വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥർ സൂപ്പർ വിജിലൻസാവുന്ന പ്രവണത ഗുണകരമല്ലെന്ന് ചെയർമാൻ പറഞ്ഞു. വിജിലൻസ് നിർദേശമില്ലാത്ത പക്ഷം ഫണ്ട് ഉടൻ നൽകണമെന്ന് വൈസ് ചെയർമാൻ നിർദേശിച്ചു. കൗൺസിലിൽ ഉയരുന്ന പരാതികളിൽ ഭൂരിഭാഗവും എൻജിനീയറിങ് വിഭാഗത്തിനെതിരെയാണെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സ്മിതേഷ് പറഞ്ഞു.
അസിസ്റ്റന്റ് എൻജിനീയർമാർ ഫയലുകൾ തട്ടിക്കളിക്കുകയാണെന്നും വിമർശനമുയർന്നു. എം.സി.എഫ്, കുടിവെള്ളം, ട്രഞ്ചിങ്് ഗ്രൗണ്ട് എന്നിവ സംബന്ധിച്ച് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഉന്നയിച്ച പരാതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് വിവരമാരാഞ്ഞ് റിപ്പോർട്ട് ബുധനാഴ്ചക്കകം സമർപ്പിക്കാൻ സെക്രട്ടറിക്ക് വൈസ് ചെയർമാൻ നിർദേശം നൽകി. വീഴ്ചയുണ്ടെങ്കിൽ ഉദ്യോഗസ്ഥന് മെമോ നൽകും. റിപ്പോർട്ട് സി.ഇക്കും വിജിലൻസ് വിഭാഗത്തിനും നൽകാനും കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.