ഷൊർണൂർ: പാലക്കാട് ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ തുടർ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ. രണ്ടാം വിജയത്തിൽ കളിച്ചു വളർന്ന ഷൊർണൂരിന്റെ സംഭാവനയും ചെറുതല്ല. എപ്പോഴും ചുവപ്പാഭിമുഖ്യം പ്രകടിപ്പിക്കാറുള്ള ഷൊർണൂർ നിയമസഭ മണ്ഡലം ഇത്തവണ കേവലം നാലായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ.വിജയരാഘവന് നൽകിയത്. ഇത് മുക്കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാൻ ശ്രീകണ്ഠന് സഹായകമായി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച എം.ബി.രാജേഷ് മണ്ഡലത്തിൽനിന്ന് 25,379 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. 2019ൽ അദ്ദേഹം തോറ്റ മത്സരത്തിൽ 11,092 വോട്ടിന്റെ ലീഡ് മണ്ഡലം നൽകി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിന് നൽകി. ഇത്തവണ അത് കേവലം നാലായിരം വോട്ടിലൊതുങ്ങിയതാണ് ശ്രീകണ്ഠന്റെ വിജയത്തിന്റെ തിളക്കം കൂട്ടിയത്.
ഷൊർണൂർ നഗരസഭാംഗമായി പാർലമെന്ററി രംഗത്തെത്തിയ ശ്രീകണ്ഠൻ മൂന്നാം തവണയും നഗരസഭാംഗമായി ഇരിക്കുമ്പോഴാണ് പാലക്കാട് ലോകസഭ മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർഥിയാകുന്നതും ജയിച്ച് ലോകസഭാംഗമാകുന്നതും. ഇതിനിടെ ഒറ്റപ്പാലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ശ്രീകണ്ടന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ഷൊർണൂരിൽ പ്രകടനം നടത്തി.
അലനല്ലൂർ: പാലക്കാട് ലോക്സഭ മണ്ഡലത്തിൽ വി.കെ. ശ്രീകണ്ഠന്റെ വിജയത്തിൽ എടത്തനാട്ടുകര മേഖല യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വട്ടമണ്ണപുറത്തുനിന്ന് തുടങ്ങിയ പ്രകടനം അണ്ടികുണ്ട്, ചളവ, താണിക്കുന്ന്, വട്ടമണ്ണപ്പുറം, പൊൻപാറ, ചൂളി, കിളയപ്പാടം, പിലാച്ചോല, പടിക്കപ്പാടം, മുണ്ടക്കുന്ന്, കൊടിയംകുന്ന്, നാലുകണ്ടം, യത്തീംഖാന, ചിരട്ടകുളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കോട്ടപ്പള്ളയിൽ സമാപിച്ചു. മഠത്തൊടി സിബ്ഗത്ത്, കെ.ടി. ഹംസപ്പ, എൻ.കെ. മുഹമ്മദ് ബശീർ, പി.കെ. ലൈസ്, ഒ. നിജാസ്, നസീർ ബാബു പൂതാനി, പുത്തംകോട്ട് ഉമ്മർ, പാറോക്കോട് സുബൈർ, കെ.പി. സത്യപാലൻ, റഫീക്ക് കൊടക്കാടൻ, അബ്ദു മറ്റത്തൂർ, കെ. അയ്യപ്പൻ, പി. ബഷീർ, അലി വെള്ളേങ്ങര എന്നിവർ നേതൃത്വം നൽകി.
പട്ടാമ്പി: യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ വിജയത്തിൽ പട്ടാമ്പി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ആഹ്ലാദ പ്രകടനം നടത്തി. യു.ഡി.എഫ് നേതാക്കളായ റിയാസ് മുക്കോളി, കെ.പി. വാപ്പുട്ടി, കെ.ആർ. നാരായണസ്വാമി, ഉമ്മർ കിഴായൂർ, സി.എ. സാജിത്, കെ. ബഷീർ, കെ.പി.എ. റസാഖ്, ജയശങ്കർ കൊട്ടാരത്തിൽ, സി.എ. റാസി, കെ.ടി. റുഖിയ, എ. കെ. അക്ബർ, കെ.പി. ഷാഹിദ്, സെയ്തലവി വടക്കേതിൽ, പി. മുസ്തഫ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.