പത്തിരിപ്പാല/ ചെറുതുരുത്തി: പൊലീസിന്റെ മിന്നൽ വേട്ടയിൽ 80 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ കൊച്ചിൻ പാലത്തിന് സമീപത്തുനിന്ന് കാറിൽ കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ കാറിൽനിന്ന് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ എല്ലാ ജില്ലകളിലും വിതരണം ചെയ്യാൻ കരുതിയിരുന്ന വൻ ഹാൻസ് ശേഖരം പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാത്രി ഒറ്റപ്പാലം പൊലീസ് നേതൃത്വത്തിൽ മായന്നൂർ തീപാറ അങ്ങലൂർവീട്ടിൽ അനൂപ് വീട്ടിൽ ഓട്ടോറിക്ഷയിലും ഇന്നോവ കാറിലുമായി സൂക്ഷിച്ചിരുന്ന 9000 ഹാൻസ് പാക്കറ്റാണ് ആദ്യം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നാണ് തമിഴ്നാട്ടിൽനിന്ന് ലോഡ് കണക്കിന് ഹാൻസ് കൊണ്ടുവന്ന് ഹോൾസെയിലായി വിൽക്കുന്ന ഒറ്റപ്പാലം സ്വദേശിയായ റഷീദിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് റഷീദിന്റെ ആൾതാമസമില്ലാത്ത വലിയ ഗോഡൗണിൽനിന്ന് ഒരു ലക്ഷം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചവരെ റെയ്ഡ് തുടർന്നു.
ഒളിവിൽ പോയ റഷീദിനെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കി. തമിഴ്നാട്ടിൽനിന്ന് ഹാൻസ് കൊണ്ടുവന്നതിന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത റഷീദ് ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയായിരുന്നു. ചെറുതുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ ബോബി വർഗീസ്, സബ് ഇൻസ്പെക്ടർ ഡി.എസ്. ആനന്ദ്, സബ് ഇൻസ്പെക്ടർ കെ. വിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനീത്, ശ്രീദേവി, സി.പി.ഒമാരായ അനൂപ്, ജയകുമാർ, അനീഷ്, ജനുമോൻ എന്നിവരടങ്ങുന്ന സംഘമാണ് ഹാൻസ് പിടികൂടിയത്. ഒറ്റപ്പാലം എസ്.ഐ ക്ലീസൺ, മങ്കര എ.എസ്.ഐ ഉഷ എന്നിവരും പങ്കെടുത്തു. സംഭവമറിഞ്ഞ് അതിരാവിലെ തന്നെ നാട്ടുകാരും തടിച്ച് കൂടിയിരുന്നു. രാവിലെ ടിപ്പർ ലോറി എത്തിച്ചാണ് ലഹരി ഉൽപന്നങ്ങൾ കയറ്റിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.