പത്തിരിപ്പാല: തകർച്ച ഭീഷണിയിലായ ഇരുനില കെട്ടിടം യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണിയാകുന്നു. സംസ്ഥാന പാത മങ്കര-കൂട്ടുപാത ബസ് സ്റ്റോപിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൺചുമരുള്ള കൂറ്റൻ കെട്ടിടമാണ് ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്നത്. കെട്ടിടത്തിന്റെ മുക്കും മൂലയും മുകൾഭാഗവും തകർന്നൊടിഞ്ഞ് കിടപ്പുണ്ട്. ഒരു ഭാഗം സംസ്ഥാനപാതയിലും മറ്റൊരുഭാഗം പഞ്ചായത്ത് റോഡിലുമായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികളടക്കം നിരവധി പേർ കെട്ടിടത്തിന് സമീപത്തെ ഗ്രാമീണ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. നൂറോളം കുടുംബാംഗങ്ങൾ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. മഴ നനഞ്ഞതോടെ വീടിന്റെ പല ഭാഗങ്ങളും ഭാഗികമായി തകർന്നുവീഴുന്നുണ്ട്.
ഭീതിയോടെയാണ് യാത്രക്കാരും വിദ്യാർഥികളും ഈ വഴി യാത്ര ചെയ്യുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിലവിൽ കേസുമായി ബന്ധപ്പെട്ട അവസ്ഥയിലുമാണ്. പഴക്കമുള്ള കെട്ടിടം നീക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, ആർ.ഡി.ഒ, മങ്കര പൊലീസ്, മണ്ണൂർ പഞ്ചായത്ത് എന്നിവർക്ക് ഒരു വർഷം മുമ്പ് പരാതി നൽകിയെങ്കിലും ഇന്നേവരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു. യാത്രക്കാരുടെയും പരിസരവാസികളുടെയും ജീവൻ അപകടത്തിലാണെന്നും ഞങ്ങളെ രക്ഷിക്കണമെന്നും ജില്ല കലക്ടറോട് ഇവർ ആവശ്യപ്പെട്ടു. പരാതി നൽകിയിട്ടും ഒരു വർഷമായി നടപടി സ്വീകരിക്കാത്തതിൽ സമീപവാസികളും പ്രതിഷേധവുമായി സ്ഥലത്തെത്തി. ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിക്കണമെന്ന് നാട്ടുകാരായ ജബ്ബാർ മങ്കര, പി.കെ. മോഹൻദാസ്, കെ.ഡി. ചാമുണ്ണി, ജി.എൻ. തോമസ്, കെ.കെ. കേശവൻ, അരവിന്ദാക്ഷൻ, ചന്ദ്രൻ, എന്നിവർ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.