പത്തിരിപ്പാല: ഉദ്ഘാടനം കഴിഞ്ഞ് നാലു വർഷമായിട്ടും മങ്കര പഞ്ചായത്തിലെ കാളികാവ് വാതകശ്മശാനം പ്രവർത്തിപ്പിക്കാനാകാതെ ചുവപ്പ് നാടയിൽ കുരുങ്ങി. മുൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കാളികാവ് ഭാരതപ്പുഴയോരത്താണ് വാതകശ്മശാനം നിർമിച്ചത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് തിരക്ക് പിടിച്ച് ശ്മശാനത്തിന്റെ ഉദ്ഘാടനം നടന്നത്.
ജനറേറ്ററോ ലൈസൻസോ പോലും ലഭിക്കാതെയാണ് അന്ന് ഉദ്ഘാടനം നടത്തിയതെന്ന് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് പറഞ്ഞു. എന്നാൽ പുതിയ ഭരണസമിതി വന്നതോടെ വാതകശ്മശാനം പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തിരുന്നു. തുടർന്ന് പദ്ധതി പ്രവർത്തനങ്ങൾക്കായി ജനറേറ്റർ സ്ഥാപിച്ചു. വാതക ശ്മശാനം പ്രവർത്തിക്കാൻ ലൈസൻസിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ഫയലുകൾ കലക്ടറുടെ മുന്നിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടപ്പാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമത്തോട് പറഞ്ഞു. മങ്കര പഞ്ചായത്തിൽനിന്നും ദിനംപ്രതി എത്തുന്ന നിരവധി മൃതദേഹങ്ങൾ ഇപ്പോൾ പുറത്താണ് ദഹിപ്പിക്കുന്നത്.
ലൈസൻസിന്റെ ഒറ്റ കാരണം കൊണ്ടാണ് പ്രവർത്തനം നീളുന്നത്. പ്രവർത്തനം നീണ്ടുപോകുന്നതിനാൽ ലക്ഷങ്ങൾ ചിലവാക്കി നിർമിച്ച കെട്ടിടവും അതിനകത്തുള്ള യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. ലൈസൻസ് ലഭിക്കാനുള്ള തുടർ നടപടികളുമായി ഭരണസമിതി മുന്നോട്ട് പോകുമെന്നും കലക്ടർ അടിയന്തരമായി ഇടപെടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.