പത്തിരിപ്പാല: മകൻ ചിട്ടി വിളിച്ചെടുത്ത വായ്പ തിരിച്ചടക്കാനാകാത്തതിനാൽ ജപ്തി ഭീഷണി നേരിട്ട മീനാക്ഷിക്ക് ആശ്വാസം. തൽക്കാലം വീട്ടിൽ തന്നെ അന്തിയുറങ്ങാം. ഒറ്റപ്പാലം മുൻസിഫ് കോടതി എതിർകക്ഷിയുടെ ഹരജി തള്ളി. ഒരു സ്വകാര്യസ്ഥാപനത്തിൽ നിന്നും മകന് പലചരക്ക് കട തുടങ്ങാനായിട്ടായിരുന്നു ചിട്ടി തുക വിളിച്ചെടുത്തത്. എന്നാൽ കോവിഡ് കാലത്ത് കച്ചവടം ഇല്ലാത്തതിനാൽ കട പൂട്ടിയതോടെ വായ്പ മുഴുവൻ തിരിച്ചടക്കാനായില്ല.
മകൻ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് മീനാക്ഷിയുടെ വീട് ലേല നടപടിയിലേക്ക് നീങ്ങി. പേരൂരിലെ പൊതുപ്രവർത്തകൻ ഇ. ശശി ഇക്കാര്യത്തിലിടപെടുകയും ഒറ്റപ്പാലത്തെ അഭിഭാഷകൻ കെ.ആർ. സന്തോഷ് കുമാറുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് മീനാക്ഷിക്ക് അനുകൂല നടപടിയുണ്ടായത്. അഭിഭാഷകനായ സന്തോഷ് കുമാർ മീനാക്ഷിയുടെ കേസ് സൗജന്യമായി ഏറ്റെടുക്കുകയും ആദ്യം സ്റ്റേ വാങ്ങുകയും ചെയ്തു.
തുടർന്ന് ഒരു വർഷത്തോളമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി അനുകൂലമായത്. വീട് ജപ്തി നടപടി ഒഴിവാക്കിയ അഭിഭാഷകനെ നാട്ടുകാരും മീനാക്ഷിയും ചേർന്ന് ആദരിച്ചു. അഭിഭാഷകൻ സന്തോഷ് കുമാറിനേയും പൊതുപ്രവർത്തകൻ ശശിയേയും മീനാക്ഷി സ്നേഹസമ്മാനം നൽകി ആദരിച്ചു. അഭിഭാഷകരായ ദീപക് രാജ്, ടി.ആർ. കൃഷ്ണകുമാർ അനന്തനാരായണൻ, പൊതുപ്രവർത്തകൻ ശശി എന്നിവരും മീനാക്ഷിയുടെ വീട്ടിലെത്തിയിരുന്നു. പത്തിരിപ്പാല പേരൂർ കോട്ടക്കാടിലാണ് 67 കാരിയയായ മീനാക്ഷിയുടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.