പത്തിരിപ്പാല: റെയിൽവേ ഓവുപാലം നവീകരണത്തിനായി, കാർഷിക യന്ത്രങ്ങൾ എത്തിക്കുന്ന വഴി അടച്ചതോടെ വലഞ്ഞ് കർഷകർ. ഇതോടെ മേഖലയിലെ 125 ഏക്കറോളം വരുന്ന നെൽപാടത്ത് കൃഷിയിറക്കാൻ മാർഗമില്ലാതായതായി പേരൂർ പള്ളം തുരുത്ത് കല്ലിങ്ങൽ മേഖലയിലെ 80ഓളം കർഷകർ പറയുന്നു.
ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവ റെയിൽവേയുടെ കല്ലിങ്കൽ അയ്യപ്പൻകോട്ട ഓവുപാലം വഴിയാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. ഓവുപാലത്തിനായുള്ള കോൺക്രീറ്റ് പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. വഴി തടസ്സപ്പെട്ടതോടെ റെയിൽവേ ലൈനിന് അപ്പുറത്തുള്ള നെൽപാടത്തേക്ക് പോകാൻ മറ്റു മാർഗവുമില്ല. ഓവുപാലം വാർത്തിട്ട ശേഷം മഴക്കാലം കഴിഞ്ഞാലേ അനുബന്ധ പ്രവൃത്തികൾ നടക്കാനിടയുള്ളൂവെന്ന് കർഷകർ പറയുന്നു.
വഴിയിൽനിന്ന് മാറ്റിയാണ് പ്രവൃത്തികൾ നടത്തിയിരുന്നതെങ്കിൽ ട്രാക്ടർ പോലുള്ള കാർഷിക വാഹനങ്ങൾ കടന്നുപോകുമായിരുന്നെന്ന് പാടശേഖര സമിതി ഭാരവാഹികളായ ജയശീലൻ, പി.കെ. രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. നിർമാണ പ്രവൃത്തികൾ മാസങ്ങൾ നീളുന്നതിനാൽ ഇത്തവണ 125 ഏക്കർ പാടത്ത് കൃഷിയിറക്കാനാകില്ലെന്നും കർഷകർ പറയുന്നു. അധികൃതരോട് പാടശേഖര സമിതി ഭാരവാഹികൾ പരാതി അറിയിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ടവർ ഇടപെട്ട് കൃഷിയിറക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.