പത്തിരിപ്പാല: കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷരാണ് ദുരിതത്തിലായത്. ഉണക്കിയ നെല്ല് ചാക്കിലാക്കി പലരും വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്.
ഏജൻറിെൻറ ആളുകൾ വന്ന് നെല്ല് നോക്കിയ ശേഷം പല കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതായും ചെറുകിട കർഷകർ പരാതിപ്പെട്ടു.
നെല്ല് സംഭരിക്കാൻ വൈകുന്നത് സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന് കർഷകർ പരാതിപ്പെട്ടു. സപ്ലെകോ 27.48 രൂപക്കാണ് സംഭരിക്കുന്നെങ്കിലും കിലോ 16 രൂപക്കാണ് സ്വകാര്യ കച്ചവടക്കാർ നെല്ലെടുക്കുന്നത്. സംഭരണത്തിൽ കാലതാമസം വരുന്നത് മൂലം കടം വീട്ടാനായി പലരും സ്വകാര്യ ഉടമകൾക്ക് കിട്ടിയ വിലയ്ക്ക് നെല്ല് നൽകുകയാണ് ചെയ്യുന്നത്.
ചില കർഷകരുടെ നെല്ല് സംഭരിച്ച് കൊണ്ടുപോയി മാസം കഴിഞ്ഞെങ്കിലും പി.ആർ.എസ് ഇനിയും ലഭിച്ചിട്ടില്ലെന്ന് കർഷകൻ കൂടിയായ സതീഷ് കുമാർ പറഞ്ഞു.
കയ്പയിൽ പാടശേഖരത്തിലെ 20ഓളം ചെറുകിട കർഷകർ നെല്ല് ചാക്കുകെട്ടിലാക്കി കാത്തിരിപ്പിലാണ്. ഫീൽഡ് ഓഫിസർ എത്തി നെല്ല് പരിശോധന പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലത്രേ.
മേഖലയിൽ 20 ടൺ നെല്ല് സംഭരിക്കാനുണ്ട്. നെല്ല് സംഭരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കലക്ടറെ നേരിൽ കണ്ട് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.