പത്തിരിപ്പാല: നാല് കറുപ്പ് വസ്ത്രം ധരിച്ച പെൺകുട്ടികളെത്തി ബലമായി പിടികൂടി ദ്രാവകം കഴിപ്പിച്ചുവെന്ന പരാതിയുമായി പരീക്ഷക്കെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനി രക്ഷിതാവിനെ ഫോണിൽ വിളിച്ചറിയിച്ചതോടെ നാടും അധികൃതരും ഒരേപോലെ ആശങ്കയിലായി.
തുടർന്ന് പൊലീസും സ്പെഷൽ ബ്രാഞ്ചുമടക്കമുള്ളവരുടെ പരിശോധന, ഒടുവിൽ പൊലീസ് ഇതിനുള്ള സാധ്യത തള്ളിയതോടെ നാടകീയമായ രംഗങ്ങൾക്ക് അവസാനം. ബുധനാഴ്ച 9.14നാണ് പത്തിരിപ്പാല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനി പരീക്ഷക്കെത്തിയത്.
തുടർന്ന് കറുത്ത ചുരിദാർ ധരിച്ച നാലുപേർ തന്നെ പിടികൂടി കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കഴിപ്പിച്ചുവെന്ന് വിദ്യാർഥി സ്കൂൾ അധികൃതരെ അറിയിച്ചു. വിദ്യാർഥി തന്നെ കരഞ്ഞുകൊണ്ട് സമീപത്തെ കടയിലെത്തി രക്ഷിതാവിനെ ടെലിഫോണിൽ വിവരം അറിയിച്ചു. രക്ഷിതാവും സ്കൂൾ അധികൃതരും പി.ടി.എയും ചേർന്ന് വിദ്യാർഥിയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
മങ്കര പൊലീസും വനിത പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്കൂളിലെത്തി അന്വേഷണം നടത്തി. മങ്കര പൊലീസ് ഒറ്റപ്പാലം ആശുപത്രിയിലെത്തി ഡോക്ടറുമായി ബന്ധപ്പെട്ടു. പരസ്പര വിരുദ്ധമായ വാക്കുകളാണ് വിദ്യാർഥിനി പറയുന്നതെന്നും ഒരു ദ്രാവകവും അകത്ത് ചെന്നിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കിയതായി സ്പെഷൽ ബ്രാഞ്ച് എസ്.ഐ അബ്ദുൽ റഷീദ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഡോക്ടർ വിശദീകരിച്ചതോടെയാണ് സ്കൂൾ അധികൃതർക്കും പൊലീസിനും രക്ഷിതാക്കൾക്കും ആശ്വാസമായത്. ഇതിനിടെ സി.സി.ടി.വിയും പരിശോധിച്ചു.
ഇത്തരം സംഭവങ്ങളൊന്നും ദൃശ്യമായില്ല. എന്തായാലും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് വിദ്യാർഥി. ഇതിന്റെ ചുരുളഴിക്കാനുള്ള രഹസ്യ അന്വേഷണത്തിലാണ് മങ്കര പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.