പത്തിരിപ്പാല: ഡിസംബർ രണ്ടിന് കോങ്ങാട് നവകേരള സദസ്സിലെത്തുന്ന മുഖ്യമന്ത്രിക്ക് കൈമാറാൻ മണ്ണൂരിൽ നിന്നും പ്രധാന പരാതികളുമായി കർഷകർ. പൊതുപ്രവർത്തകനും മണ്ണൂർ കുണ്ടുകാവ് പാടശേഖര സമിതി സെക്രട്ടറിയുമായ എൻ.ആർ. കുട്ടികൃഷ്ണനാണ് പരാതികളുമായി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുക.
വേങ്ങശേരി അകവണ്ട തോട്ടിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സ്ഥാപിക്കണമെന്നാണ് കർഷകരുടെ പതിറ്റാണ്ടുകളായുള്ള പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുൻ ജലസേചന മന്ത്രിയായിരുന്ന കൃഷ്ണൻ കുട്ടിക്കും എം.എൽ.എ ശാന്തകുമാരിക്കും നിവേദനവും നൽകിയെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ല. മേഖലകളിൽ കനാൽ ഇല്ലാത്തതിനാൽ മണ്ണൂർ അമ്പലപ്പാറ പഞ്ചായത്തുകളിലെ 200 ഏക്കറിലേറെ നെൽകൃഷിക്ക് പദ്ധതി പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി പൂർണമായും കമീഷൻ ചെയ്യണമെന്നതാണ് കർഷകരുടെ മറ്റൊരു പ്രധാന ആവശ്യം. മണ്ണാർക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കോങ്ങാട് എന്നീ നാല് അസംബ്ലി മണ്ഡലങ്ങളിലെ കർഷകർക്കും കുടിവെള്ള ക്ഷാമത്തിനും വേണ്ടി ആരംഭിച്ചതാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി.
1961ൽ സർവേ തുടങ്ങി, 63ൽ പ്രവൃത്തികൾ തുടങ്ങി, നീണ്ട 18 വർഷങ്ങൾക്ക് ശേഷം 1980ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ പദ്ധതി ഭാഗികമായി മാത്രമാണ് കമീഷൻ ചെയ്തത്. രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണൂർ പടിപ്പുരക്കാട് - കുണ്ടുകാവ് കേരളശേരി റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും ബസ് സർവിസ് ആരംഭിക്കണമെന്നുമാണ് മറ്റൊരാവശ്യം. മൂന്ന് പ്രധാന പരാതികൾക്കും ഉടൻപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.