പത്തിരിപ്പാല: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 34.32 കോടി രൂപ ചെലവിൽ നിർമിക്കുന്ന മങ്കര കാളികാവ് റെയിൽവേ മേൽപാലത്തിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചു. അഡ്വ. ശാന്തകുമാരി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങാതെ റെയിൽവേ ജാഗ്രതയോടെ നിർമാണം പൂർത്തീകരിക്കണമെന്ന് എം.എൽ.എ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു. അടച്ചുപൂട്ടിയ മങ്കര റെയിൽവേ സ്റ്റേഷൻ പഴയപടി തുറന്ന് പ്രവർത്തിക്കാൻ റെയിൽവേ ആദ്യം നടപടി സ്വീകരിക്കണമെന്ന് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസും റെയിൽവേയോട് ആവശ്യപ്പെട്ടു.
വാർഡ് അംഗം ചന്ദ്രിക, എ.ഡി.ഇ.ഇ ടി.വി. രാജേഷ് എന്നിവർ സംസാരിച്ചു. സീനിയർ ഡിവിഷനൽ മെറ്റീരിയൽ മാനേജർ ടി. പ്രസന്ന വെങ്കിടേശൻ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അപ്രോച്ച് റോഡ് കൂടാതെ 30 മീറ്റർ നീളത്തിലാണ് മേൽപാലം നിർമിക്കുക. 7.5 മീറ്റർ വീതിയിൽ പാലവും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഏകദേശം നടപ്പാതയടക്കം 10 മീറ്റർ വീതിയിലാണ് മേൽപാലം നിർമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ മങ്കര കാളികാവ് പാലക്കാട് റോഡിലെ യാത്രാദുരിതം മാറിക്കിട്ടും. റെയിൽവേ ഗേറ്റിൽപ്പെട്ട് വാഹനങ്ങൾ കുടുങ്ങുന്ന അവസ്ഥക്ക് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.