പട്ടാമ്പി: പട്ടാമ്പി -കുളപ്പുള്ളി റോഡ് നവീകരണം മൂന്നു ദിവസത്തിനകം തീർത്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാവുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എം.എൽ.എ ഉദ്യോഗസ്ഥ -കരാറുകാർ കൂട്ടുകെട്ടിനെതിരെ പൊട്ടിത്തെറിച്ചത്. കെ.ആർ.എം.എസ് പദ്ധതിയിൽ 50 ലക്ഷം രൂപ അനുവദിച്ച പട്ടാമ്പി -കുളപ്പുള്ളി പാതയിൽ പകുതി പ്രവൃത്തിപോലും നടത്തിയിട്ടില്ല.
മഴയെ പഴിച്ച് രക്ഷപ്പെടുന്ന കരാറുകാരൻ ധിക്കാരപരമായാണ് പെരുമാറുന്നത്. ഓങ്ങല്ലൂർ വരെ കുഴികളടച്ചു. ബാക്കി ഭാഗം ചെയ്തില്ല. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാതെ കരാറുകാരന് പണം നൽകരുതെന്നും എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകുമെന്നും അത് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകുമെന്നും വേണ്ടിവന്നാൽ റോഡിൽ കുത്തിയിരിപ്പ് നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
കൊപ്പം -തിരുവേഗപ്പുറ റോഡിന്റെ നവീകരണം ഈ മാസവും തിരുവേഗപ്പുറ അഞ്ചുമൂല, കൈപ്പുറം -വിളത്തൂർ -ചെമ്പ്ര റോഡ് പ്രവൃത്തി അടുത്ത മാസത്തോടെയും പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വി.കെ കടവ് -കൊടുമുണ്ട പാലത്തിന്റെ രൂപരേഖ തയാറാക്കുന്ന പ്രവൃത്തി പൂർത്തിയായതായും പുലാമന്തോൾ പാലത്തിന് മുകളിൽ അറ്റകുറ്റപ്പണിക്ക് നടപടി തുടങ്ങിയതായും പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.