പാലക്കാട്: താളംതെറ്റിയ കാലവർഷത്തിൽ പച്ചക്കറി വിലയും കുതിച്ചുയരുന്നു. ഇതോടെ അടുക്കളകളും പ്രതിസന്ധിയിലായി. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ വില കുറയേണ്ട പച്ചക്കറികൾക്കാണിപ്പോൾ ഇരട്ടി വിലയായത്. കാലാവസ്ഥ വ്യത്യയാനത്തെ തുടർന്ന് പ്രാദേശിക ഉൽപാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വർധനവിന് കാരണം.
സവോളക്ക് മാത്രമാണ് വില കൂടാത്തത്. ബാക്കി എല്ലാത്തിനും കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വില ഇരട്ടിയിലധികമാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കിലോക്ക് എട്ടുരൂപയായിരുന്നു വെള്ളരിക്കയുടെ വില. ഇന്നിപ്പോള്‍ ഇതിന്റെ വില 14 രൂപയായി വർധിച്ചു.
16 രൂപയായിരുന്ന വെണ്ടക്കയുടെ വില ഇപ്പോള്‍ 60 രൂപയാണ്. കഴിഞ്ഞമാസം കിലോക്ക് 20 രൂപക്ക് വിറ്റിരുന്ന തക്കാളിക്ക് ഇപ്പോൾ 50 രൂപയായി ഉയർന്നു. പച്ചമുളക് 120ലേക്കും ചെറിയ ഉള്ളി 40ൽനിന്ന് 90ലേക്ക് ഉയർന്നു. മഴക്കാലത്ത് വില കുറയേണ്ട ചെറുനാരങ്ങയുടെ വില ഇപ്പോഴും 120ൽ നിൽക്കുകയാണ്. ബീറ്റ് റൂട്ട്, വഴുതന, മുരങ്ങക്ക എന്നിവ 60 രൂപയായി ഉയർന്നു. നാട്ടിൽപുറങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന പച്ചപയറിനും ചേനക്കും കിലോക്കും 80 രൂപയായി ഉയർന്നു. തൊട്ടാല്‍ പൊള്ളുന്ന വില കാരണം പലരും പച്ചക്കറി വാങ്ങാനാവാതെ വിഷമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിമാത്രമാണ് ഇപ്പോൾ ജില്ലയിൽ കൂടുതലായും എത്തുന്നത്. പൊള്ളുന്ന വില വർധനവിൽ കടയിലെത്തുന്നവർ വില മുൻകൂട്ടി ചോദിച്ചതിനുശേഷമാണ് സാധനങ്ങൾ വാങ്ങുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില ഉയർന്നതോടെ 20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ചെറുകിട-ഇടത്തരം ഹോട്ടലുകളിൽ വിഭവങ്ങൾക്ക് വില കൂട്ടിയാൽ കച്ചവടത്തെ ബാധിക്കുമെന്നതിനാൽ പലരും നഷ്ടം സഹിച്ചാണ് മുന്നോട്ടുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.