മുണ്ടൂർ: പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടുള്ള അവഗണനക്ക് ഒരു വർഷം പിന്നിടുന്നു. ബസ് സ്റ്റാൻഡ് കഴിഞ്ഞ വർഷം തദ്ദേശമന്ത്രി എം.ബി. രാജേഷാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. മൂന്ന് ഘട്ടങ്ങളിൽ എം.എൽ.എ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ബസ് സ്റ്റാൻഡ് ഉപയോഗിക്കാത്തതായതോടെ നോക്കുകുത്തിയായി. ഉദ്ഘാടനത്തിന് ശേഷം രണ്ട് ദിവസം മാത്രമാണ് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറിയിറങ്ങിയത്. പിന്നീട് സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെയായി. ഒരു മാസത്തിന് ശേഷം മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാൻഡ് ഉപകാരപ്രദമാകുന്നതിന്റെ ഭാഗമായി സർവകക്ഷി യോഗം വിളിച്ചെങ്കിലും പൊലീസിന്റെയും വിവിധ വകുപ്പ് തല മേധാവികളുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമായില്ല.
ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് സ്വകാര്യ ബസുകാരുടെ സഹകരണവും പൊലീസിന്റെ സാന്നിധ്യവും ഉറപ്പാക്കാനായിരുന്നു ധാരണ. ബസുകൾ കയറിയിറങ്ങുമ്പോൾ സമയനഷ്ടമാണ് പ്രധാനമായും സ്വകാര്യ ബസ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ബസ് സ്റ്റാൻഡ് തുറക്കാത്തത് കാരണം നിലവിൽ മുണ്ടൂർ ടൗണിൽ ശുചി മുറി സൗകര്യവും പൊതുജനങ്ങൾക്ക് അന്യമാവുകയാണ്. കൂടാതെ പഞ്ചായത്തിന് കടമുറികളുടെ വാടക ഇനത്തിലും മറ്റും പ്രതിവർഷം കിട്ടാൻ സാധ്യതയുള്ള വരുമാനവും നഷ്ടമാവുന്നു.
ബസുകൾ സ്റ്റാൻഡിൽ കയറാതായതോടെ വഴിയാത്രക്കാരും ബസിൽ കയറി പറ്റാൻ പുതിയ ഇടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.