മുതലമട: വിജിലൻസും ജിയോളജി വകുപ്പുമടക്കമുള്ളവരുടെ പരിശോധനകൾ തൊലിപ്പുറത്തെ ചികിത്സ മാത്രമെന്ന് ബോധ്യപ്പെടുംവിധം ക്വാറികൾ വ്യാപകമാകുന്നു. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ട് തവണ വിജിലൻസും നാല് തവണ ജിയോളജി വകുപ്പും പരിശോധന നടത്തി നടപടിയെടുത്തിരുന്നു. എന്നിട്ടും പ്രദേശത്ത് അനധികൃത മണ്ണ് ഖനനം തകൃതിയായി തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
നടപടിയെടുത്ത ഉദ്യോഗസ്ഥർ നോക്കിനിൽക്കേയാണ് ഉന്നതരുടെ മൗനാനുവാദത്തോടെ ഖനനം തുടരുന്നത്. ചെമ്മണാവതി, അണ്ണാനഗർ, നീലിപാറ, അടിവാരം, മേച്ചിറ, വെള്ളാരൻ കാവ്, കൊട്ടപ്പള്ളം, തേക്കിൻ ചിറ, മാത്തൂർ, നെന്മേനി, ചാത്തൻപാറ, കൊളുമ്പ് എന്നീ പ്രദേശങ്ങളിലാണ് 29 പ്രദേശങ്ങളിൽ അനധികൃത ഖനനം വ്യാപകമായള്ളത്. കൊളുമ്പ്, ചാത്തൻ പാറ, അടിവാരം, നെന്മേനി കമ്പങ്കോട് എന്നീ പ്രദേശങ്ങളിലാണ് മണ്ണ് ഖനനം വ്യാപകം.
ഇതിന് പുറമെ മേഖലയിൽ അനധികൃത ഇഷ്ടികക്കളങ്ങളും വ്യാപകമാണ്. നെൽവയൽ, കുളം, പറമ്പ് എന്നിവിടങ്ങളിൽനിന്നെല്ലാം ഏക്കറിന് 45,000 മുതൽ ലക്ഷം വരെ നൽകിയാണ് മണ്ണെടുക്കുന്നത്. നെന്മേനി കമ്പങ്കോട്ടിൽ ജനവാസ മേഖലയിൽ മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഒപ്പ് ശേഖരിച്ച് തഹസിൽദാർക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ നടക്കുന്ന ഖനനത്തിന് റവന്യൂ-തദ്ദേശ വകുപ്പുകൾ മൗനാനുവാദം നൽകുന്നത് മാഫിയകൾക്ക് സഹായകമാണ്. മണ്ണ് ഖനനം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകൾ തകരുകയും മണ്ണെടുക്കുന്ന പ്രദേശങ്ങൾക്ക് സമീപപ്രദേശങ്ങളിലെ വീടുക ൾക്ക് തകർച്ച ഭീഷണിയുണ്ടാവുകയും ചെയ്യുന്നു. രാത്രികളിൽ നിരത്തുകളിലൂടെ മണ്ണുമായി ചീറിപ്പായുന്ന വാഹനങ്ങളിൽ പൊലീസ് പരിശോധന പോലും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഖനനത്തിന് ജിയോളജി, റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പുകൾ അനുമതി നൽകണമെന്നിരിക്കെ ഇതൊന്നുമില്ലാതെ അർധരാത്രികളിൽ കരിങ്കൽ - മണ്ണ് ഖനനവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.