പാലക്കാട്: ഒന്നാം വിളക്ക് സംഭരിച്ച നെല്ലുവിലയുടെ കുടിശ്ശിക അനുവദിക്കുന്നത് പി.ആർ.എസ് വായ്പയാക്കി മാറ്റിയതോടെ കർഷകരുടെ ആശങ്ക വർധിച്ചു.
കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ പറ്റില്ലെന്നും താങ്ങുവില വായ്പയായി മാത്രമെ നൽകുമെന്ന കേരള ബാങ്ക് നിലപാടാണ് ആശങ്കക്ക് കാരണം. കേരള ബാങ്കിൽ നിന്ന് 195 കോടി രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ഇത്രയും തുക 7.65 ശതമാനം പലിശ നിരക്കിൽ സപ്ലൈകോ തിരിച്ചടക്കണം.
എന്നാൽ തിരിച്ചടവിൽ കാലതാമസം നേരിട്ടാൽ കർഷകന് മറ്റു വായ്പകൾ ലഭിക്കില്ല. കർഷകനെ വായ്പക്കാരനാക്കുന്നതോടൊപ്പം ധനകാര്യ സ്ഥാപനങ്ങൾ വായ്പയോഗ്യത നിശ്ചിയിക്കുന്ന സിബിൽ സ്കോർ സംവിധാനത്തിന്റെ ഭാഗമാക്കുകയു ചെയ്യും. മുൻവർഷങ്ങളിൽ ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു.
എന്നാൽ തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെ കർഷകർക്ക് മറ്റു വായ്പകൾ ലഭിക്കുന്നതിൽ ഏറെ തടസ്സം നേരിട്ടു. കേരള ബാങ്ക് ശാഖകളിലൂടെ വായ്പതുക കൊടുത്തു തുടങ്ങി.
കേരള ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത കർഷകർക്ക് അക്കൗണ്ട് തുടങ്ങിയാൽ മാത്രമെ പണം ലഭിക്കു. ഏകദേശം 200 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത്. ജില്ലയിലെ പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് തുടങ്ങിയ താലുക്കളിൽ രണ്ടാം വിള കൊയ്ത്ത് സജീവമാണ്.
ചിലയിടങ്ങളിൽ സംഭരണം തുടങ്ങി. രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ താങ്ങുവില നൽകുന്നത് സംബന്ധിച്ച് സപ്ലൈകോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.