പാലക്കാട്: നഗരത്തിലെ സുൽത്താൻപേട്ട-മാതാകോവിൽ സ്ട്രീറ്റ് റോഡിന്റെ അരിക് തകർന്നത് വാഹന-കാൽനടയാത്രക്കാർക്കു ദുരിതമാവുന്നു. സുൽത്താൻപേട്ട-കൽമണ്ഡപം റോഡിൽനിന്ന് മാതാകോവിൽ റോഡിലേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്താണ് തകർന്നിട്ടുള്ളത്.
ചതുരാകൃതിയിലുള്ള കുഴികളിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും തെന്നുന്നത് പതിവാണ്. സുൽത്താൻപേട്ട സ്റ്റേഡിയം ഭാഗത്തുനിന്ന് പാളയപേട്ട വഴി ഹരിക്കാരത്തെരുവ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ആരാധനാലയം, പത്രസ്ഥാപനങ്ങൾ, ബാങ്ക് എന്നിവക്കു പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങളടക്കമുള്ള മേഖലയായതിനാൽ രാപകലന്യേ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും വന്നുപോവുന്ന പ്രദേശമാണ്.
കാലങ്ങളായി തകർന്ന മാതാകോവിൽ റോഡ് അടുത്ത കാലത്താണ് റീ ടാറിങ് നടത്തിയത്. ക്രിസ്ത്യൻ പള്ളിക്കു മുന്നിൽനിന്ന് ഹരിക്കാരത്തെരുവിലേക്കുള്ള റോഡിൽ തെരുവുനായ്ക്കളും മാലിന്യം തള്ളലും വാഹന-കാൽനടയാത്രികർക്ക് ദുരിതം തീർക്കുന്നുണ്ട്.
പകൽസമയത്ത് റോഡരികിലെ കുഴികൾ ശ്രദ്ധയിൽപ്പെടുമെങ്കിലും സന്ധ്യ മയങ്ങുന്നതോടെ ഇതറിയാത്ത ഇരുചക്രവാഹനങ്ങളാണ് കുഴിയിൽപ്പെടുന്നത്. റോഡിന്റെ അരികുവശം റീടാറിങ് നടത്തി പൂർവസ്ഥിതിയിലാക്കണമെന്നാവശ്യം ശകതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.