അടുക്കളയിൽ ആശ്വാസം; മെച്ചപ്പെട്ട വിളവ്, പച്ചക്കറി വിലയിൽ കുറവ്

പാലക്കാട്: വിലക്കയറ്റത്തിനിടയിൽ അടുക്കളക്ക് ആശ്വാസമായി പച്ചക്കറി വിലയിൽ നേരിയ കുറവ്. ഉദ്പാദനം വർധിച്ചതും വിളവെടുപ്പുകാലവുമാണ് വിലക്കുറവിന് കാരണമായി പറയപ്പെടുന്നത്. കിലോക്ക് 120 രൂപവരെ എത്തിയ തക്കാളി വിലയിടിഞ്ഞ് ഇപ്പോൾ 10 രൂപയോടടുത്തായി. ഒരാഴ്ച മുമ്പ് 15 രൂപയായിരുന്നു. വെള്ളരിക്ക, വെണ്ട, പടവലം, ചുരക്ക, പയർ എന്നിവ 20 രൂപയിലെത്തി.

രണ്ടാഴ്ച മുമ്പ് കിലോക്ക് 220 മുതൽ 250 വരെ വിലയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില 150ലേക്ക് താഴ്ന്നു. ബീറ്റ്‌റൂട്ട്, കുക്കുമ്പർ, ഇളവൻ, കപ്പ തുടങ്ങിയവയുടെ വില 25 രൂപയിലേക്ക് ചുരുങ്ങി.

വലിയ വിലയുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 28 രൂപയായി. കിലോക്ക് 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്ലവർ എന്നിവയുമുണ്ട്. 35 രൂപയാണ് മത്തങ്ങ വില. ഉള്ളിക്കും സവാളക്കും കൊത്തമരക്കും 40 രൂപയാണ് വില. നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്‌റ്റ (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ് പഴവില.

കാലാവസ്ഥയടക്കം അനുകൂലമായതോടെ മിക്ക പച്ചക്കറികൾക്കും ഭേദപ്പെട്ട വിളവാണ് ഇക്കുറി ലഭിച്ചത്. വില കുറഞ്ഞതോടെ വിളവെടുപ്പുതന്നെ ഏറെ ചെലവേറിയതായി കർഷകർ പറയുന്നു. പാകമായ പയർ പറിക്കുന്നതിന് ചാക്ക് ഒന്നിന് 100 രൂപയോളം കർഷകർക്ക് ചെലവ് വരുന്നുണ്ട്. ഇത് മാർക്കറ്റുകളിലേക്ക് എത്തിക്കണമെങ്കിൽ പിന്നെയും പണം മുടക്കണം. ഇതുകൊണ്ടുതന്നെ ഭേദപ്പെട്ട വില ലഭിക്കുന്നവയൊഴികെ വിളവെടുപ്പ് നടത്തുന്നതിൽ നിന്നും കർഷകർ വിട്ടുനിൽക്കുന്നതാണ് ജില്ലയിലെ വിവിധ മേഖലകളിലെ കാഴ്ച.

Tags:    
News Summary - Slight decline in vegetable prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.