പുതുനഗരം: വേനൽമഴ ലഭിച്ചതോടെ കൊയ്ത്തൊഴിഞ്ഞ നെൽപാടങ്ങളിൽ കൃഷിയൊരുക്കം തുടങ്ങി. ഉഴുതുമറിച്ച് നടീലിന് തയാറാവുന്ന കർഷകർ പച്ചില വളച്ചെടികളുടെ വിത്ത് വിത ആരംഭിച്ചു. പൂട്ടിയിട്ട നെൽപാടങ്ങളിൽ പച്ചില വളവിത്ത് വിതച്ചശേഷം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചാണ് പച്ചില വളച്ചെടി വിത്ത് വിതയ്ക്കുന്നത്. പുതുനഗരം, എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂർ എന്നിവിടങ്ങളിലാണ് വിത്ത് വിതക്കൽ നടത്തുന്നത്.
നെൽപാടങ്ങളിലെ ചെറിയ ഈർപ്പത്തിൽ വരൾച്ചയെ പ്രതിരോധിച്ച് പെട്ടെന്ന് വളരാൻ ഡെയിഞ്ച ഇനത്തിൽപെട്ട പച്ചില വള ചെടിക്ക് കഴിയും. ചണ്ണമ്പ്, കൊഴിഞ്ഞിൽ തുടങ്ങിയ വിവിധതരം പച്ചില വള ചെടികൾ ഉണ്ടെങ്കിലും വ്യാപകമായി ഡെയിഞ്ചയാണ് ഉപയോഗിക്കുന്നത്.
35-45 ദിവസങ്ങൾക്കകം ഡെയിഞ്ച വളർച്ചയെത്തി ഉഴുതുമറിക്കാൻ പാകമാകും. ഹെക്ടറിന് 10 മുതൽ 15 ടൺ വരെ ജൈവവളം ഇതിലൂടെ ലഭിക്കുമെന്ന് കാർഷിക വിദഗ്ധർ പറയുന്നു. കിലോക്ക് 58 മുതൽ 60 രൂപ വരെ ഡെയിഞ്ച വിത്തിന് വിലയുണ്ട്. ഒരേക്കർ നെൽപ്പാടത്ത് എട്ട് മുതൽ 10 വരെ കിലോ വിത്ത് വിതയ്ക്കുന്നുണ്ട്. കൊല്ലങ്കോട് ഭാഗത്തുള്ള ചില വിത്ത് വിൽപനശാലകൾ 10 കിലോ ഡെയിഞ്ച വിത്തിനോടൊപ്പം മൂന്നു കിലോ പയർ ചോളം വിത്തുകൾ ചേർത്ത് 13 കിലോ 850 രൂപക്ക് വിൽപന നടത്തുന്നുണ്ട്. വേരുകളിൽ കൂടുതൽ നൈട്രജൻ സംഭരിക്കാൻ ഇവയ്ക്ക് കഴിയും.
ചിറ്റൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിൽനിന്നാണ് കർഷകർ പച്ചില വള വിത്തുകൾ ശേഖരിക്കുന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ, ഉടുമൽപേട്ട, പ്രദേശങ്ങളിൽ പച്ചില വളചെടികളുടെ വിത്തുകൾ 30-40 രൂപക്ക് ലഭിക്കുന്നുണ്ട്. ചില കർഷക കൂട്ടായ്മകൾ തമിഴ്നാട്ടിൽനിന്ന് വിത്തുകൾ കൊണ്ടുവന്ന് ഉപയോഗിക്കുന്നുണ്ട്. പൊടിവിത നടത്താൻ കഴിയാത്ത നെൽപാടങ്ങളിലും കളശല്യവും വരിനെല്ലും കലർപ്പും കൂടുതലുള്ള പടങ്ങളിലുമാണ് കർഷകർ കൂടുതലായി പച്ചിലവള ചെടികൾ വിതയ്ക്കുന്നത്. മുൻവർഷങ്ങളിൽ കൃഷിഭവനുകൾ മുഖേന കുറഞ്ഞ നിരക്കിൽ മുതിര, പയർ, ഡെയിഞ്ച വിത്തുകൾ ലഭ്യമായിരുന്നത് നിലവിൽ ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.