പാലക്കാട്: പറമ്പിക്കുളം-ആളിയാർ പദ്ധതി പ്രകാരം കേരളത്തിന് അർഹമായ ജലം തമിഴ്നാട് തരാതായതോടെ ജില്ലയുടെ കിഴക്കൻ മേഖല വരൾച്ചയിലേക്ക്. ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ 40,000 ഏക്കറിലെ രണ്ടാം വിള നെൽകൃഷിയാണ് പ്രതിസന്ധിയിലാകുന്നത്. ഇത് കൂടാതെ പച്ചക്കറി, നാളികേരം തുടങ്ങിയ വിളകളെയും ജലക്ഷാമം പ്രതികൂലമായി ബാധിക്കും. കതിർ വരുന്ന സമയത്ത് തന്നെ വിള ഉണങ്ങുന്ന സാഹചര്യമാണ്.
കനാലിലൂടെ ജലസേചനമില്ലാത്തതിനെ തുടർന്ന് പെരുവെമ്പിൽ കർഷകർ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാണ് നെൽകൃഷി ഉണങ്ങാതെ നോക്കിയത്. ജലസേചനത്തിന് പുറമെ ചിറ്റൂർ താലൂക്കിൽ പൂർണമായും, പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ ഭാഗികമായും ശുദ്ധജലമെത്തിക്കുന്നതും ഈ പദ്ധതിയിൽ നിന്നാണ്.
ആളിയാറിൽ നിന്ന് ചിറ്റൂർ പുഴയിലേക്ക് സെക്കൻഡിൽ 400 ഘനയടി വെള്ളം കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടെങ്കിലും പരമാവധി 230 ഘനയടി തോതിൽ മാത്രമേ നൽകുവെന്നാണ് തമിഴ്നാട് നിലപാട്. എന്നാൽ, ഇതിലും പലപ്പോഴും കുറവ് വരുത്താറുണ്ട്. ചില സമയങ്ങളിൽ 207 ഘനയടി വെള്ളമാണ് ഒഴുക്കുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞദിവസം കോയമ്പത്തൂരിൽ കേരള-തമിഴ്നാട് ജലവിഭവ വകുപ്പ് അധികൃതർ തമ്മിൽ ചർച്ച നടത്തിയെങ്കിലും കേരളം ആവശ്യപ്പെട്ട അളവിൽ ജലം നൽകാൻ കഴിയില്ലെന്ന നിലപാടായിരുന്നു തമിഴ്നാടിന്റെത്. മഴയിൽ കുറവുണ്ടായെന്ന കാരണം പറഞ്ഞാണ് തമിഴ്നാട് ജലവിഭവ വകുപ്പ് കേരളത്തിന് അർഹമായ വെള്ളം നിഷേധിക്കുന്നത്.
എന്നാൽ, പറമ്പിക്കുളം അണക്കെട്ടുകളിൽ നിന്ന് ആളിയാറിലേക്ക് വെള്ളം എത്തിക്കാതെ കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോവുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കരാർ പ്രകാരം ചാലക്കുടി നദീതടത്തിൽ കേരള ഷോളയാർ ഡാമിൽ 12.30 ടി.എം.സി ജലവും, ഭാരതപ്പുഴ നദീതടത്തിലെ ചിറ്റൂർ മേഖലയിലെ കൃഷിക്കായി മണക്കടവ് വിയറിൽ നിന്ന് 7.25 ടി.എം.സി ജലവുമാണ് കേരളത്തിന് അർഹമായത്.
ജലസേചന വകുപ്പിന്റെ കണക്കിൽ ഇതുവരെ സംസ്ഥാനത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ അർഹമായ അളവ് 5.6 ടി.എം.സിയാണ്. എന്നാൽ, വ്യഴാഴ്ച വരെ 3.6 ടി.എം.സി ജലമാണ് ലഭിച്ചതെന്ന് ചിറ്റൂർ പുഴ എക്സിക്യൂട്ടീവ് എൻജിനിയർ കിരൺ എബ്രഹാം തോമസ് പറഞ്ഞു.
ഓരോ ജലവര്ഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.സി പല ഘട്ടങ്ങിലും പൂര്ണമായി ലഭിക്കാതെ പോകാറുണ്ട്. ഇതിന് പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതല് ജലം വിനിയോഗിക്കാനുള്ള നീക്കം തമിഴ്നാട് നടത്തുന്നത്.
തമിഴ്നാട് വെള്ളം നൽകാത്തതിൽ പ്രതിഷേധിച്ച് ചിറ്റൂരിൽ ജലസേചന ഓഫിസിന് മുന്നിൽ കർഷക സംഘടനകൾ സമരം ശക്തമാക്കിയതോടെ ചിറ്റൂർ പുഴയിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വർധിപ്പിച്ചു. സെക്കൻഡിൽ 290 ഘനയടി വെള്ളമാണ് വ്യാഴാഴ്ച ഒഴുക്കിയത്.
പാലക്കാട്: ചിറ്റൂർ പുഴ ആയക്കെട്ട് പ്രദേശം വരണ്ടുണങ്ങുമ്പോൾ പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്ന് തമിഴ്നാട് മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നത് കരാർ ലംഘനമാണെന്നും, ഇത് അവസാനിപ്പിക്കാതിരുന്നാൽ ശിരുവാണിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വെള്ളം നൽകുന്നത് അവസാനിപ്പിക്കണമെന്നും കർഷകസമര സമിതി ആവശ്യപ്പെട്ടു.
സെപ്തംബർ അവസാനം മുതൽ പറമ്പിക്കുളത്ത് നിന്നുള്ള വെള്ളം ആളിയാർ ഡാമിൽ എത്തിക്കാതെ പറമ്പിക്കുളത്ത് നിന്ന് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്കും അവിടെ നിന്ന് തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെയും ജലസേചന മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ആയക്കെട്ട് പ്രദേശത്ത് വെള്ളമെത്തിക്കണെന്നാവശ്യപ്പെട്ട് ചിറ്റൂർ പുഴ പദ്ധതി ഓഫിസിന് മുന്നൽ നടത്തിയ സത്യഗ്രഹം പറമ്പിക്കുളം ആളിയാർ ജലസംരക്ഷണ സമിതി ജനറൽ കൺവീനർ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.സി. ശിവശങ്കർ അധ്യക്ഷത വഹിച്ചു. അതിരഥൻ, രാഘവൻ, എസ്.ആർ. അരുൾകുമാർ, കാർത്തികേയൻ, കൃഷ്ണൻ, എം. മണി, ദേവൻ ചെറാപ്പൊറ്റ, എ. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
കൊല്ലങ്കോട്: പി.എ.പി കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലത്തിന്റെ അവകാശം തമിഴ്നാട് നിരസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം ലഭിക്കേണ്ട 7.25 ടി.എം.സി ജലത്തിന് പകരം 3.54 ടി.എം.സി ജലം മാത്രമാണ് ലഭിക്കുന്നതെന്ന് നിയമസഭയിൽ കെ. ബാബു എം.എൽ.എയുടെ സബ് മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തിന് കരാർപ്രകാരം ലഭിക്കേണ്ട അർഹമായ ജലത്തിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പറമ്പിക്കുളം -ആളിയാർ കരാർ പ്രകാരം മണക്കടവ് വിയറിൽ ഒരു ജലവർഷം 7250 ദശലക്ഷം ക്യുബിക് അടി ജലം കേരളത്തിന് തമിഴ്നാട് നൽകണം. കരാർ വ്യവസ്ഥയനുസരിച്ച് അപ്പർ നീരാർ വിയറിൽ 2023 ഒക്ടോബർ ഒന്നിനും 2024 ജനുവരി 31നുമിടയിൽ ലഭ്യമാകുന്ന മുഴുവൻ ജലവും കേരളത്തിന് അവകാശപ്പെട്ടതാണ്.
എന്നാൽ, 2023 -24 ജലവർഷത്തിൽ 2024 ജനുവരി 29 വരെ 3573 ദശലക്ഷം ക്യുബിക് അടി മാത്രമാണ് ലഭ്യമായത്. കരാർ പ്രകാരം ജനുവരി ഒന്നാം ദ്വൈവാരം 5200 ദശലക്ഷം ക്യുബിക് അടി ജലമാണ് ലഭിക്കേണ്ടിയിരുന്നത്. ഈ കാലയളവിൽ 5788 ദശലക്ഷം ക്യുബിക് അടി ജലം കേരളം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
2023 -24ൽ മണക്കടവ് വിയറിൽ കേരളത്തിനാവശ്യമായ ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലും തമിഴ്നാടുമായി ചർച്ച നടത്തിയിട്ടുണ്ട്. 2023 ഒക്ടോബർ 19ന് നടന്ന സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിൽ ചിറ്റൂർ പ്രദേശത്തെ കൃഷി, കുടിവെള്ള ആവശ്യങ്ങൾക്കായി ലഭ്യമാക്കേണ്ട ജലത്തിന്റെ കണക്കുകൾ അവതരിപ്പിച്ചെങ്കിലും നിലവിലെ വരൾച്ച സാഹചര്യം കണക്കിലെടുത്ത് ജലം ലഭ്യമാക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പി.എ.പി ഗ്രൂപ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ ലഭ്യമാകുന്നതിനനുസരിച്ച് കേരളം ആവശ്യപ്പെട്ട ജലം ലഭ്യമാക്കാമെന്നാണ് തമിഴ്നാട് അറിയിച്ചത്. എന്നാൽ, കേരളം ഇതിനോട് വിയോജിക്കുകയും പറമ്പിക്കുളം ജലസംഭരണിയിൽനിന്ന് ജലം ആളിയാർ ഡാമിലെത്തിച്ച് കേരളത്തിന് ലഭ്യമാക്കണമെന്നും ആവർത്തിച്ചാവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ജലവിഭവ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ തമിഴ്നാടിന് കത്തുകളുമയച്ചിരുന്നു. എന്നാൽ, നിലപാട് മാറ്റാൻ അവർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.