പാലക്കാട്: ഭൂമിയും വീടും നൽകണമെന്നാവശ്യപ്പെട്ട് മുതലമട അംബേദ്കർ കോളനിവാസികൾ കലക്ടറേറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച സി.പി.എം ജില്ല നേതൃത്വവും ജനപ്രതിനിധികളും സമരസമിതി അംഗങ്ങളും നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ഭൂമിയും സ്ഥലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫെബ്രുവരിക്കുള്ളിൽ നടപടി എടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
സ്ഥലവും വീടും ഇല്ലാത്ത ഗോവിന്ദാപുരത്തെ 40 കുടുംബങ്ങളാണ് അംബേദ്കർ ദലിത് സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ 102 ദിവസമായി മുതലമട പഞ്ചായത്തിന് മുന്നിലും പാലക്കാട് കലക്ടറേറ്റിന് മുന്നിലുമായി സമരം നടത്തിവന്നത്.
94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിൽ നടന്ന സമരം എട്ടുദിവസമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. സമരം ജനശ്രദ്ധയാകർഷിച്ചത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നെന്മാറ എം.എൽ.എ കെ. ബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ചിന്നകുട്ടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, സി.കെ. രാജേന്ദ്രൻ, സമര സമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശിവരാജൻ, പത്മമോഹൻ, കൗസല്യ, സാവിത്രി, സറീന പ്ലാക്കാനം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാഗ്ദാനങ്ങളിൽ ഒതുക്കരുതെന്ന് വെൽഫെയർ പാർട്ടി
പാലക്കാട്: മുതലമട അംബേദ്കർ കോളനിക്കാരുടെ അടിസ്ഥാന ആവശ്യം വാഗ്ദാനങ്ങളിൽ ഒതുക്കി സർക്കാർ ഭൂസമരക്കാരെ വഞ്ചിക്കരുതെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. മുമ്പ് സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർ ജനകീയ സമരത്തെ ഭയന്നാണ് സമരക്കാരുമായി ചർച്ച നടത്തിയത്.
ഫെബ്രുവരിയിൽ സ്പെഷൽ പാക്കേജിലൂടെ ഭൂമിയും വീടും നൽകുമെന്ന ഭരണകക്ഷി എം.എൽ.എ ഉൾപ്പെടെയുള്ളവർ സമരസമിതിക്ക് നൽകിയ ഉറപ്പ് പാലിക്കാൻ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് പി.എസ്. അബുഫൈസൽ, സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, നേതാക്കളായ സെയ്ദ് ഇബ്രാഹിം, എ. ഉസ്മാൻ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, ആസിയ റസാഖ്, പി. ലുക്മാൻ, മജീദ് തത്തമംഗലം, റിയാസ് ഖാലിദ്, നൗഷാദ് പറളി, കെ.വി. അമീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.