പാലക്കാട്: അട്ടപ്പാടിയിൽ വ്യാപകമായി പുഴയിലെ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്. ജില്ല സർവേ സൂപ്രണ്ടും ജില്ല എച്ച്.എസും ചേർന്ന് ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
അട്ടപ്പാടി താലൂക്കിലെ രഹ്ന ബിജോയുടെ അപേക്ഷയിൽ അഗളി വില്ലേജിലെ സർവേ നമ്പർ 386ൽ പെട്ട ‘സർക്കാർ പുറമ്പോക്ക് പുഴ’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും കൂടെ ചേർത്ത് അപേക്ഷകരുടെ പേരിൽ സബ്ഡിവിഷൻ രേഖ തയാറാക്കിയെന്നാണ് ഫയലിൽ കണ്ടെത്തിയത്.
2024 ആഗസ്റ്റ് 13ന് ഈ നടപടി അട്ടപ്പാടി ഭൂരേഖ തഹസിൽദാർ തള്ളി. ഇത് ഗുരുതര കുറ്റമായി തഹസിൽദാർ രേഖപ്പെടുത്തുകയും ചെയ്തു. ഫയലിൽ സർവേയറും ഹെഡ് സർവേയറും ചെയ്ത നടപടികൾ ശരിയാണോ എന്ന് വിശദമായ ഫയൽ /ഫീൽഡ് പരിശോധനയിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
സംഘം രണ്ടാമത് പരിശോധിച്ച ലീലാമണിയുടെ അപേക്ഷയും ഫയലും പരിശോധിച്ചപ്പോൾ ഈ ഫയൽ സർവേയർക്ക് കൈമാറിയതായി രേഖയില്ലെന്ന് കണ്ടെത്തി.
അപേക്ഷയിൽ സർവേയർ ഫീൽഡ് പരിശോധന നടത്തിയതായും കുറിച്ചിട്ടില്ല. പക്ഷെ ഹെഡ് സർവേയറും ഡെപ്യൂട്ടി തഹസിൽദാറും ഒപ്പിട്ട പതിച്ച സ്കെച്ച് അപേക്ഷക സമർപ്പിച്ചിരുന്നു. അപേക്ഷയിൽ, താലൂക്ക് സർവേയറെ കൊണ്ട് അളന്നുനോക്കി ഭൂരേഖ തയാറാക്കി എന്നും പ്രതിപാദിച്ചിട്ടുണ്ട്.
ഈ അപേക്ഷ ലഭിക്കാതെ തന്നെ ഹെഡ് സർവേയർ ഒപ്പിട്ട് സ്കെച്ച് കക്ഷിക്ക് ലഭ്യമായത് സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച നബീസയുടെ അപേക്ഷയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരിമിതമായ സമയത്തിൽ ലഭ്യമായ രേഖകൾ പരിശോധിച്ചാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അട്ടപ്പാടിയിൽ സർക്കാർ പുഴ പുറമ്പോക്ക് ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.