പാലക്കാട്: കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധിയിൽനിന്ന് വിനോദസഞ്ചാര മേഖല പതിയെ കരകയറി വരുന്ന സമയത്താണ് വീണ്ടും അടച്ചിടൽ ഭീഷണിയരുന്നത്. ഇപ്പോൾതന്നെ, ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണ് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംരംഭകർ. കോവിഡ് കാലത്ത് ബാങ്ക് വായ്പകളുടെ തിരിച്ചടവ്, വൈദ്യുതി ബില്ല്, ജി.എസ്.ടി എന്നിവ മുടങ്ങിയതിന്റെ ബാധ്യത നിലനിൽക്കേ ഉണർന്നുതുടങ്ങിയ വിനോദസഞ്ചാര മേഖലയെ വീണ്ടും വരവേൽക്കാനായി വൻ തുക മുടങ്ങി സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയതും ബാധ്യതകളുടെ ആഴംകൂട്ടുകയാണ്.
കോവിഡിന്റെ മൂന്നാം വരവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ വിജനമാണ്. മലമ്പുഴ, വാടിക, പോത്തുണ്ടി, നെല്ലിയാമ്പതി, അനങ്ങൻമല, മംഗലം ഡാം തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങൾ. തമിഴ്നാട്ടിൽ നിയന്ത്രണം വന്നതോടെ അവിടെ നിന്നുള്ള വരവ് നിലച്ചു. കോവിഡ് വ്യാപനം ഉയരുന്നതിനാൽ ഞായർ ലോക്ഡൗണിന് സമാനമാക്കിയതോടെ സഞ്ചാരികൾ തീരെ എത്താതായി. നേരെത്തേ റിസോർട്ടുകൾ ബുക്ക് ചെയ്ത ഏതാനും പേർക്ക് മാത്രമാണ് നെല്ലിയാമ്പതി സന്ദർശിക്കാൻ അനുമതി നൽകുന്നത്. കോവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടത്തിൽ സർക്കാർ അനുവദിച്ച വാടക ഇളവ് പോലും ഇതുവരെ കച്ചവടക്കാർക്ക് ജലവിഭവ വകുപ്പ് നൽകിയില്ലെന്ന് കച്ചവടക്കാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.