അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പുള്ളിപ്പുലി ചത്തതിൽ അസ്വാഭാവികത ഇല്ലെന്നും വയറിനേറ്റ ക്ഷതം മൂലമാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇരതേടാൻ മുകളില്‍നിന്ന് താഴേക്ക് ചാടുമ്പോഴോ വന്യജീവികളുടെ ആക്രമണം മൂലമോ ആയിരിക്കും ക്ഷതമുണ്ടായിരിക്കുന്നതെന്നാണ് അനുമാനം. വാരിയെല്ല് ഒടിയുകയും രക്തംകട്ട പിടിച്ച് നില്‍ക്കുന്നതായും കണ്ടെത്തി. മൂന്ന് ദിവസം മുമ്പാണ് അപകടം നടന്നതെന്ന് കരുതുന്നു. ജഡത്തിന് ഒരു ദിവസത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ.
ശനിയാഴ്ച രാവിലെ 11.30ഓടെ സൈലന്റ് വാലി വനം റെയ്ഞ്ചിന് കീഴിലെ അമ്പലപ്പാറയിലെ ആന്റി പോച്ചിങ് സെന്ററിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാം, മണ്ണാര്‍ക്കാട് വെറ്ററിനറി പോളിക്ലിനിക് സീനിയര്‍ സര്ജന് ഡോ. കെ.എം. ജയകുമാര്‍, വിക്ടോറിയ കോളജ് സുവേളജി വിഭാഗം മേധാവി ഡോ. റഷീദ്, നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധി നമശിവായം, വാര്‍ഡ് അംഗം കെ. നൂറുസ്സലാം എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് എസ്. വിനോദ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റര്‍ കെ. അഭിലാഷ് എന്നിവരും മറ്റു ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ജഡം സംസ്കരിച്ചു. നിലവില്‍ സ്വാഭാവിക മരണത്തിനാണ് വനംവകുപ്പ് ഒഫന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം വിഷാംശം ഉണ്ടോ എന്നറിയാന്‍ സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ലാബില്‍ അടുത്തദിവസം പരിശോധനക്ക് അയക്കും. അസ്വാഭാവികത എന്തെങ്കിലും റിപ്പോര്‍ട്ടിലുണ്ടായാല്‍ അതുപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് എസ്. വിനോദ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് വനത്തിന് സമീപത്തെ നീര്‍ച്ചാലില്‍ അഞ്ചു വയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.