പാലക്കാട്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇരുചക്ര വാഹന യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊട്ടേക്കാട് കാളിപ്പാറ ഒരളംകാട് വീട്ടിൽ എം. രഞ്ജിത്തിന്റെ (32) ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത്. കൂടാതെ 13,500 രൂപ പിഴയും ചുമത്തി. പിന്നിലുണ്ടായിരുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലാത്തതിനാലാണ് നിർത്താതെ പോയത്. ഇതുകൂടി കണക്കിലെടുത്താണ് സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മലമ്പുഴ നൂറടി റോഡിലാണ് സംഭവം. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്റെ നമ്പറിൽനിന്ന് ആർ.സി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ഇയാൾ വാഹനം വിറ്റ കാര്യം അറിയുന്നത്. കൊപ്പം സ്വദേശിയായ ഉടമസ്ഥൻ ജനുവരിയിലാണ് വാഹനം രഞ്ജിത്തിന് വിൽപന നടത്തിയത്. എന്നാൽ രഞ്ജിത്ത് ഇത്രയും നാൾ പേര് മാറ്റാതെയാണ് വാഹനം ഓടിച്ചിരുന്നത്. ഉടമക്കും ഇത് അറിയില്ലായിരുന്നു. പിന്നീട് വാഹന ഉടമ രഞ്ജിത്തിനെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും വിളിച്ചുവരുത്തി. തുടർനടപടികളുടെ ഭാഗമായി ബൈക്ക് ഉടമക്ക് തിരികെ നൽകി. പേര് മാറ്റിയശേഷം കൈമാറാൻ നിർദേശം നൽകിയതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു.
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവർ ഇത്തരത്തിൽ ആർ.സി ബുക്കിലെ പേര് മാറ്റാതെ ഓടിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി മോട്ടോർ വാഹന വകുപ്പ് പറയുന്നു. പരിശോധനകളിലും എ.ഐ കാമറകളിലും ഇത്തരക്കാർ കുടുങ്ങാറുണ്ട്. പേര് മാറ്റാതെ ഓടിക്കുന്ന വാഹനങ്ങൾമൂലം അപകടങ്ങൾ ഉണ്ടാകുമ്പോഴും മറ്റ് കുറ്റകൃത്യങ്ങൾ നടക്കുമ്പോഴുമാണ് യഥാർഥ ഉടമകൾ വെട്ടിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.