അകത്തേത്തറ: അർധരാത്രി കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം മതിൽ തകർക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു. അകത്തേത്തറ ചേറാട് ജോൺ മാത്യുവിന്റെ പറമ്പിന്റെ മതിൽ തകർത്താണ് കൊമ്പൻ അടക്കമുള്ള മൂന്ന് ആനകൾ എത്തിയത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ദ്രുതപ്രതികരണ സേന പടക്കം പൊട്ടിച്ച് എറിഞ്ഞാണ് ആനകളെ തുരത്തിയത്. പടക്കം പറമ്പിലെ ഉണങ്ങിയ പുല്ലിൽ വീണ് തീ പടർന്നു. വനപാലകർ എത്തി മരക്കൊമ്പുകൾ ഉപയോഗിച്ച് അടിച്ച് തീ അണച്ചു. കഴിഞ്ഞ ദിവസം തൊട്ടടുത്ത പറമ്പിലെ മൂപ്പെത്തിയ വാഴകളും മറ്റ് വിളകളും കാട്ടാന നശിപ്പിച്ചിരുന്നു. ഒരാഴ്ചയായി ചേറാടും പരിസരങ്ങളിലും രാത്രികളിൽ കാട്ടാനകൾ എത്താറുണ്ട്.
വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തിയാലും തൊട്ടടുത്ത ദിവസം വീണ്ടും എത്തി നാശം ഉണ്ടാക്കുന്നു. ധോണി എന്ന പി.ടി-ഏഴിനെ കൂട്ടിലാക്കിയിട്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ വിലസുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. മിക്ക പറമ്പുകളിലും പുൽച്ചെടികൾ ഉണങ്ങിയതിനാൽ കാട്ടാനകളെ വിരട്ടാൻ പടക്കം എറിഞ്ഞാൽ തീ പടരാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.