അലനല്ലൂർ: വേനൽകടുത്തതോടെ കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതക്കുന്നത് തുടരുന്നു. ഉപ്പുകുളത്തും കണ്ടമംഗലത്തും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി നാട്ടിലിറങ്ങിയ കാട്ടാനകൾ കൃഷിയും കുടിവെള്ള പൈപ്പുകളും കിണറും നശിപ്പിച്ചു. ഉപ്പുകുളം ഓലപ്പാറയിൽ കുടിവെള്ളത്തിനായി കാട്ടരുവികളിൽ നിന്ന് വീടുകളിലേക്ക് ഇട്ടിരുന്ന കുഴലുകൾ ചവിട്ടി നശിപ്പിച്ചു. ഇടക്കിടെ വെള്ളം കൊണ്ടുവരുന്ന ചെറിയ ഹോസുകൾ കാട്ടാനകൾ നശിപ്പിക്കുന്നതിനാൽ കുടിവെള്ള പ്രശ്നവും പ്രദേശത്തുണ്ട്. കണ്ടമംഗത്ത് ഒറ്റയാനിറങ്ങി കിണറും കൃഷിയും നശിപ്പിച്ചു. മേക്കളപ്പാറ വനമേഖല താവളമാക്കിയ ഒറ്റയാനാണ് കണ്ടമംഗലം പള്ളിയോട് ചേർന്നുള്ള മുട്ടത്ത് ലില്ലിക്കുട്ടി ചെറിയാന്റെ 30 കവുങ്ങുകൾ നശിപ്പിച്ചത്. വീടിന് പിൻവശത്തെ പ്ലാവിൽ നിന്ന് ചക്ക വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ജനലിലൂടെ ടോർച്ച് തെളിയിച്ചപ്പോൾ ചക്ക തിന്നുന്ന ഒറ്റയാനെയാണ് കണ്ടത്. വെളിച്ചം കണ്ടതോടെ ഒറ്റയാൻ വന്ന വഴിയെ മടങ്ങി. പോകും വഴി തെണ്ടിക്കാലയിൽ ഫ്രാൻസിസിന്റെ തോട്ടത്തിലെ കിണറിൽ നിന്ന് വെള്ളം കുടിക്കാൻ തുമ്പിക്കെ കിണറിൽ താഴ്ത്തുന്നതിനിടെ കിണറിന്റെ രണ്ട് തൂണുകൾ തകർന്നു. തൂണിൽ ബന്ധിച്ചിരുന്ന പമ്പ് സെറ്റ് വെള്ളത്തിലേക്ക് വീണു. നനക്കാനും വീട്ടാവശ്യത്തിനും വെള്ളം എത്തിക്കാൻ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് പൈപ്പും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇവരുടെ ശുദ്ധജല സംവിധാനം ഇല്ലാതായി.
മുപ്പത് ഏക്കർ മുതൽ മേക്കളപ്പാറ വരെ തൂക്കു വേലിയുള്ളതിനാൽ ഈ ഭാഗത്തിലൂടെ നാട്ടിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മേക്കളപ്പാറ മുതലുള്ള 16 കിലോമീറ്ററിൽ കൂടി വേലി നിർമാണം പൂർത്തിയായാലേ വന്യമൃഗശല്യം പൂർണമായും തടയാനാകൂ. വനം വകുപ്പ് ജീവനക്കാർ സംഭവ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.