പാലക്കാട്: സപ്ലൈകോ ഔട്ട്ലെകളിൽ സബ്സിഡി സാധനങ്ങൾ അടുക്കിവെച്ച ഷെൽഫുകൾ കാലി. ഇതോടെ എപ്പോഴും തിരക്കുണ്ടായിരുന്ന ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് ഡിപ്പോകളിലായി ജില്ലയിൽ 64 മാവേലി സ്റ്റോറുകളാണുള്ളത്. പാലക്കാട് മേഖലയിലെ ഔട്ട്ലെറ്റുകളിൽ സബ്സിഡി ഇനത്തിൽപെട്ട ഒരുസാധനവുമില്ല. ആവശ്യക്കാരേറെയുള്ള പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള മറ്റ് സബ്സിഡി സാധനങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന് അറിയില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ മറുപടി.
കഴിഞ്ഞദിവസം നടന്ന ടെന്‍ഡറില്‍ വിതരണക്കാര്‍ ആരും പങ്കെടുത്തില്ല. സബ്സിഡി ഉൽപന്നങ്ങള് അടക്കം 40 ഇനങ്ങള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. വിതരണക്കാര്‍ക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്. ഇനിയും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഉൽപന്നങ്ങള് ഔട്ട്ലറ്റുകളിൽ എത്തും. ടെന്‍ഡര്‍ മുടങ്ങിയതിനാല്‍ ഈ ആഴ്ച ഉൽപന്നങ്ങളെത്തില്ല. അടുത്തയാഴ്ച വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. ശബരി ഉൽപന്നങ്ങളും പാക്ക് ചെയ്ത ഉൽപന്നങ്ങളും മാത്രമാണ് ഔട്ട്ലറ്റുകളിൽ ഇപ്പോഴുള്ളത്.
മിക്കയിടത്തും ഒഴിഞ്ഞ ഷെൽഫുകളാണ് കാണാനാവുക. സാധനങ്ങൾ ഇല്ലാതായതോടെ വിൽപന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് കാണിച്ച് സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു. ജീവനക്കാർ പ്രതികരിക്കരുതെന്നും നിർദേശിച്ചിരുന്നു.
ജയ, മട്ട അരി, പഞ്ചസാര, വെളിച്ചെണ്ണ, തുവരപരിപ്പ്, ചുവന്ന മുളക് തുടങ്ങിയവ വലിയ വില കൊടുത്തുവാങ്ങേണ്ട ഗതികേടിലാണ് ജനം. സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാനും ആരുമെത്താത്ത അവസ്ഥയാണ്. നേരത്തേ സബ്സിഡി സാധങ്ങളോടൊപ്പം മറ്റു സാധനങ്ങളും കാര്യമായി വിൽപന നടന്നിരുന്നു. എട്ടുമാസമായി തുടരുന്ന പ്രതിസന്ധിക്ക് ഇപ്പോഴും അയവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.