ശുചീകരണം പൂർത്തിയായില്ല; മാലിന്യം നിറഞ്ഞ്​ പാതയോരങ്ങൾ

പന്തളം: മഴ തുടങ്ങിയിട്ടും ശുചീകരണം പൂർത്തിയാകാത്തത്​ മൂലം റോഡ് നീളെയുള്ള മാലിന്യക്കെട്ടുകൾ രോഗഭീഷണി ഉയർത്തുന്നു. മുൻകാലങ്ങളിൽ‌ മഴക്കാലത്തിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആരോഗ്യ വകുപ്പും പഞ്ചായത്തുകളും നഗരസഭയും ചേർന്നാണ് ശുചീകരണം നടത്തിയിരുന്നത്. നിലവിൽ വിവിധ പഞ്ചായത്തുകളുടെ പൊതുമാർക്കറ്റുകൾ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതിനും പരിഹാരമായിട്ടില്ല. രണ്ട് ദിവസമായി മഴ ശക്തമായതോടെ ഈ ചന്തകളിൽനിന്നു ദുർഗന്ധം വമിച്ചുതുടങ്ങി. മാവേലിക്കര-പത്തനംതിട്ട പാതയോരത്തും എം.സി റോഡിലും മാംസാവശിഷ്ടങ്ങൾ വരെ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി തള്ളുന്നുണ്ട്​. ഇതോടൊപ്പം പഴകിയ പച്ചക്കറികളുമുണ്ട്. ഐരാണിക്കുഴി പാലത്തിന് സമീപവും കടയ്ക്കാട് ജങ്​ഷനിലെ ചെറിയ പാലത്തിന് അരികിലും മാലിന്യക്കൂമ്പാരമാണ്. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്​ സമീപം ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്നത് കെട്ടിടത്തി‍ൻെറ പിറകിലായി നൂറുകണക്കിന് ചാക്കുകെട്ടുകളാണ്​ കൂട്ടിയിട്ടിരിക്കുന്നത്. പന്തളം മാർക്കറ്റിന് സമീപത്തെ മാലിന്യ സംസ്കരണ യൂനിറ്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തും മാലിന്യക്കെട്ടുകൾ നിറഞ്ഞു. ചാക്കുകെട്ടുകളിൽനിന്ന് അഴുകിയ വെള്ളവും പുഴുക്കളും റോഡിലേക്ക് ഒഴുകിയിറങ്ങുകയാണ്​. ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മാലിന്യത്തിൽ പുഴുക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.