പത്തനംതിട്ട: റംബുട്ടാൻ മരങ്ങളിലെ വലയിൽ മധുരമൂറും ഫലങ്ങൾ വിളവെടുപ്പിന് ഒരുങ്ങി. റംബുട്ടാൻ തോട്ടങ്ങൾ വലയിട്ട് സംരക്ഷിക്കുന്ന തിരക്കിലാണ് കർഷകരും കച്ചവടക്കാരും. ഫലങ്ങൾ വിളവെടുപ്പിനു പാകമാകുന്നതോടെയാണ് ഇവ വലയിടുന്നത്. കാലാവസ്ഥ മാറ്റം മൂലം ഇത്തവണ കായ്ഫലം കുറവാണെന്ന് കർഷകർ പറയുന്നു. വേനൽ അതിരൂക്ഷമായിരുന്നതിനാൽ മരങ്ങളിൽ കായ്ഫലം തീരെയില്ല. വേനലിനെ അതിജീവിച്ച് ഫലമായപ്പോൾ ലഭിച്ച വേനൽമഴയും കൃഷിയെ ബാധിച്ചു. കായ്ഫലത്തിൽ നല്ലൊരു പങ്കും കൊഴിയുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കായ്ഫലം പലയിടത്തും കുറവാണെന്ന് മൊത്ത വ്യാപാരികളും പറയുന്നു.
മലയോര മേഖലയിൽ വ്യാപക കൃഷി
ജില്ലയുടെ മലയോര മേഖലയിൽ അടക്കം റംബുട്ടാൻ കൃഷി വ്യാപകമായുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നവരും ഏറെയാണ്. റാന്നി, വെച്ചൂച്ചിറ, ചിറ്റാർ, അയിരൂർ, മല്ലപ്പള്ളി, കുമ്പനാട്, കോഴഞ്ചേരി, തിരുവല്ല ഭാഗങ്ങളിലാണ് റംബുട്ടാൻ കൃഷി ഏറെയുള്ളത്. വർഷത്തിൽ ഒരിക്കലാണ് വിളവെടുപ്പെങ്കിലും വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്നുവെന്നതാണ് കർഷകർക്ക് ആദായകരം. ഓരോ വർഷവും റംബുട്ടാൻ കൃഷിയിലേക്ക് ആളുകൾ കൂടുതലായി എത്തുന്നുണ്ട്. റബർ വെട്ടിമാറ്റി റംബുട്ടാൻ തോട്ടമാക്കിയവരുമുണ്ട്. ഒരേക്കർ റബറിൽനിന്ന് ഒരുവർഷം ലഭിക്കുന്ന ലാഭം അരലക്ഷം രൂപയിൽ താഴെയായിരിക്കും. എന്നാൽ, റംബുട്ടാൻ കർഷകർക്ക് ഒരു മരത്തിൽനിന്നു തന്നെ കുറഞ്ഞത് 10,000 രൂപയെങ്കിലും ലഭിക്കാറുണ്ട്.
ഇത്തവണ മരങ്ങൾ കൂടുതലുണ്ടെങ്കിലും കായ്ഫലം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. റംബുട്ടാൻ വിളവെടുപ്പുകാലം എത്തുന്നതോടെ മൊത്തക്കച്ചവടക്കാരെത്തി മരത്തിന് കായ്ഫലം നോക്കി വില പറയുകയാണ് രീതി. പിന്നീട് ഇവർ തന്നെ വലയിട്ടു സംരക്ഷിച്ചുകൊള്ളും. കച്ചവടക്കാരേറെയും തമിഴ്നാട്ടുകാരാണ്. പഴങ്ങൾ തമിഴ്നാട്ടിലേക്കാണ് ഏറെയും കൊണ്ടുപോകുന്നത്.
വിളവെടുപ്പുകാലത്ത് 150 മുതൽ 200രൂപവരെ ഫലത്തിന് വിപണിയിൽ വിലയുണ്ടാകും. ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഇരട്ടി തുക ലഭിക്കുമെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന നിരത്തുകളിൽ പാതയോരങ്ങളിൽ ചെറുകിട വ്യാപാരികളും എത്താറുണ്ട്. വ്യത്യസ്ത ഇനത്തിലുള്ള കായ്ഫലമുണ്ട്.
വലുപ്പമുള്ളതും കുരുവിൽനിന്ന് പെട്ടെന്ന് അടർത്തിയെടുക്കാവുന്നതുമായ എൻ-18 വിഭാഗത്തിൽപെട്ട റംബുട്ടാൻ കായ്കൾക്കാണ് പ്രിയം ഏറെയും. ഇവതൂക്കത്തിലും മികച്ചു നിൽക്കും. 18 കായ്കളുണ്ടെങ്കിൽ ഒരു കിലോം തൂക്കമാകും. മധുരത്തിൽ മുന്നിൽ നിൽക്കുന്ന ഇ-35 ഇനത്തിനും വിപണിയിൽ ആവശ്യക്കാരുണ്ട്. ചെറിക കായ്കളാണെങ്കിലും വിലയിൽ കുറവുണ്ടാകാറില്ല.
പൊക്കത്തിൽ വളരുന്ന റംബുട്ടാൻ മരങ്ങളുടെ കാലം കഴിഞ്ഞു. മെച്ചപ്പെട്ട രീതിയിൽ ഫലം തന്നിരുന്ന ഇവ ഇപ്പോൾ അധികമാരും നട്ടുവളർത്താറില്ല. പകരം ബഡ്തൈകളോടാണ് പ്രിയം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയവരെല്ലാം ബഡ് തൈകൾ നട്ടുവളർത്തി തുടങ്ങി. മരങ്ങൾ തമ്മിൽ 30-40 അടി അകലത്തിലാണ് നടുന്നത്. അധികം മരങ്ങൾ നടാനായില്ലെങ്കിലും മെച്ചപ്പെട്ട ഫലം കർഷകർക്കു ലഭിക്കാറുണ്ട്. മൂന്നു മുതൽ നാലുവർഷക്കാലയളവിൽ ഫലം തന്നു തുടങ്ങും.
എട്ടുവർഷം എത്തുമ്പോഴേക്കും ഒരു മരത്തിൽനിന്ന് 200 കിലോവരെ ഫലം പ്രതീക്ഷിക്കാം. എൻ -18 ഇനത്തിൽപെട്ട തൈകളാണ് ഏറെയും നട്ടുവളർത്തുന്നത്. തൈകൾക്ക് 350 രൂപയാണ് നഴ്സറികളിലെ വില. തൈകൾ പൂർണ വളർച്ചയെത്തുന്നതുവരെ പരിചരണം ആവശ്യമുണ്ടെന്നത് ഒഴിച്ചാൽ രോഗ, കീടബാധ ഏറെയില്ലെന്നതും കർഷകർക്ക് ആശ്വാസമാണ്. വേനൽക്കാലത്ത് ആവശ്യാനുസരണം വെള്ളം നൽകണമെന്നു മാത്രം.
കോന്നി: കേരളത്തിൽ നിപ വൈറസ് വ്യാപനം സ്ഥിരീകരിച്ചതോടെ കോന്നിയിലെ റംബുട്ടാൻ, മാംഗോസ്റ്റിൻ കച്ചവടക്കാർ പ്രതിസന്ധിയിൽ. റംബുട്ടാന്റെയും മാംഗോസ്റ്റിന്റെയും കേരളത്തിലെ തന്നെ കേന്ദ്രം കോന്നിയാണ്. കേരളം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് ഈ സീസണിൽ ഫലങ്ങൾ കയറ്റി അയക്കുന്നതിൽ പ്രധാന സ്ഥലമാണ് കോന്നി. നിരവധി കച്ചടക്കാരും കൃഷിക്കാരുമാണ് മേഖലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.
നിരവധി കർഷകർ വിളവെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളുമായെത്തി മരങ്ങളിൽ വലവിരിച്ച് വിളവെടുപ്പ് കഴിഞ്ഞാണ് മടങ്ങുന്നത്. എന്നാൽ, നിപ വ്യാപനം ഇവരെ പ്രതിസന്ധിയിലിരിക്കുകയാണ്. കോന്നിയുടെ വിവിധ കേന്ദ്രങ്ങളിൽ വാവലുകളുടെ സാന്നിധ്യമുണ്ട്. ഇവ കൂടുതൽ ഭക്ഷിക്കുന്നതും ഈ പഴങ്ങളാണ്. കോന്നിയിൽനിന്ന് കിലോക്കണക്കിന് പഴങ്ങൾ കച്ചവടക്കാർ ശേഖരിച്ചെങ്കിലും ഇവയൊന്നും വിറ്റഴിക്കാൻ സാധിക്കാത്തത് കച്ചവടക്കാരെയും കർഷകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതവും ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്. നിരവധി റംബുട്ടാൻ മരങ്ങൾ വലയിട്ട് സംരക്ഷിച്ച് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു. എന്നാൽ, വലയിട്ട മരങ്ങൾ പോലും ഫലം വിളവെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജോലിക്കാർക്ക് ശമ്പളംകൊടുക്കാൻപോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.