കോഴഞ്ചേരി സ്​റ്റേഡിയം മാലിന്യക്കൂമ്പാരമായി

കോഴഞ്ചേരി: പഞ്ചായത്ത് സ്ഥലംവാങ്ങി നിർമിച്ച സ്റ്റേഡിയത്തിൽ മാലിന്യക്കൂമ്പാരം. മാവേലിക്കര-കോഴഞ്ചേരി റോഡിൽ തെക്കേമലക്കും ടി.ബി ജങ്​ഷനും മധ്യേയാണ് സ്റ്റേഡിയം. വർഷങ്ങൾക്കുമുമ്പുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് ബയോടെക് എന്ന സർക്കാർ സഹായം ഉണ്ടെന്ന് അവകാശപ്പെട്ട ഏജൻസിയെക്കൊണ്ട് മാലിന്യ സംസ്കരണ പ്ലാന്‍റ്​ സ്ഥാപിച്ചത്. വണ്ടിപ്പേട്ടയിലായിരുന്നു ഇതിനുള്ള കെട്ടിടം ക്രമീകരിച്ചത്. എന്നാൽ, പ്ലാന്‍റ്​ സ്ഥാപിച്ച് ഒരുവർഷം കഴിഞ്ഞപ്പോൾ പ്രവർത്തന ക്ഷമമല്ലാതായതിനെത്തുടർന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് ഇതുമാറ്റി. പ്ലാന്‍റിലേക്കുള്ള മാലിന്യം തള്ളുന്നതിനുള്ള കേന്ദ്രമായി കാലക്രമേണ സ്റ്റേഡിയം മാറി. തുടർന്ന് സ്വകാര്യ വ്യക്തികളും സർക്കാർ സ്ഥാപനങ്ങൾ മാലിന്യം തള്ളാൻ തുടങ്ങി. ഒരേക്കർ സ്റ്റേഡിയം ഭൂമി സംരക്ഷിക്കാനുള്ള ഒരു നപടികളും പഞ്ചായത്തി‍ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാവുന്നില്ലെന്ന്​ നാട്ടുകാർ പറയുന്നു. പഞ്ചായത്തി‍ൻെറ വിവിധ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും കമ്യൂണിറ്റി ഹാളും മാലിന്യ സംസ്കരണ പ്ലാന്‍റും നിലച്ചുപോയ സർക്കിൾ ഓഫിസി‍ൻെറ കാര്യാലയവും സ്റ്റേഡിയം വകസ്ഥലത്താണ്​ സ്ഥിതിചെയ്യുന്നത്. ഇതുകൂടാതെ മത്സ്യം വിൽക്കാനുള്ള കെട്ടിടവും സ്റ്റേഡിയം റോഡരികിലുണ്ട്. ഡ്രൈവിങ്​ സ്കൂളുകളുടെ പരിശീലനം മാത്രമാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്​. ചളിയും വെള്ളവും മാലിന്യവും നിറഞ്ഞ പഞ്ചായത്ത് സ്റ്റേഡിയം മധ്യതിരുവിതാംകൂറിലെ കായിക സംസ്കാരത്തിന് അപമാനമാണെന്ന്​ ഇവിടുത്തെ കായികതാരങ്ങൾ പറയുന്നു. സ്റ്റേഡിയം സംരക്ഷിച്ച് കായിക വിനോദത്തിനുള്ള വേദിയായി മാറ്റാനുള്ള ഒരു നടപടിയും പഞ്ചായത്തി‍ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും സ്റ്റേഡിയങ്ങളുടെ വികസനത്തിന്​ സംസ്ഥാന സർക്കാർ സഹായത്തോടെ പദ്ധതിയുണ്ടായപ്പോഴും കോഴഞ്ചേരിയിൽ സ്റ്റേഡിയം അന്യാധീനപ്പെടുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.