പന്തളം: നഗരസഭ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നാലിന് നടക്കും. രാവിലെ 10ന് നഗരസഭ കോൺഫറൻസ് ഹാളിൽ റിട്ടേണിങ് ഓഫിസർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ എ.എസ്. നൈസാമിന്റെ മേൽനോട്ടത്തിലാണ് ചർച്ച. നഗരസഭയിലെ 33 കൗൺസിലർമാർക്കും അവിശ്വാസപ്രമേയം നോട്ടീസിന്മേലുള്ള രജിസ്റ്റർ കത്തുകൾ അയച്ച തുടങ്ങിയതായി നഗരസഭ സെക്രട്ടറി ഇ.ബി. അനിത ‘മാധ്യമ’ത്തോട് പറഞ്ഞു.
33 നഗരസഭ കൗൺസിൽ 18 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നത്. ഇതിൽ കൗൺസിലറായിരുന്ന മുൻ പാർലമെന്റ് പാർട്ടി ലീഡർ കെ.വി. പ്രഭയെ ബി.ജെ.പി സസ്പെൻഡ് ചെയ്തതോടെ കെ.വി. പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. നഗരസഭയിൽ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയതിന് പിന്നാലെ ബി.ജെ.പി കൗൺസിലർമാർക്ക് വിപ്പ് നൽകാൻ ബി.ജെ.പി ജില്ല കമ്മിറ്റി തീരുമാനിച്ചെങ്കിലും പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരാരും ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
സംസ്ഥാന കമ്മിറ്റിയുടെ മുന്നിൽ പലതവണ പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതാണ് വിമത സ്വരം ഉയരാനും അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനുമുള്ള തീരുമാനത്തിലെത്താനും കാരണമായത്. ബി.ജെ.പി ജില്ല നേതൃത്വം ആകട്ടെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പാസാകാതിരിക്കാൻ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനെ തൽസ്ഥാനത്തുനിന്ന് മാറ്റി വിമതരെ ഒപ്പം നിർത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ പരാജയവും നഗരസഭ പ്രദേശത്ത് ബി.ജെ.പിക്ക് ഏറ്റതിരിച്ചടിയും പന്തളത്ത് ആവർത്തിക്കരുത് എന്നാണ് സംസ്ഥാന കമ്മിറ്റി ജില്ല നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഏതുവിധേനയും നഗരസഭ നിലനിർത്തണമെന്നും വിമതസ്വരം ഉയർത്തുന്നവരെ വരുതിയിൽ എത്തിക്കാനുമാണ് സംസ്ഥാന നേതൃത്വം ജില്ല നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. സസ്പെൻഡ് ചെയ്ത പാർട്ടി കൗൺസിലറെ ഇതുവരെ പാർട്ടി പുറത്താക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.