മാസ്റ്റർ പ്ലാൻ പൂർത്തീകരണം: പൊതുസെമിനാറുകൾ സംഘടിപ്പിക്കും

പത്തനംതിട്ട: നഗരത്തിന്‍റെ മാസ്റ്റർപ്ലാൻ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിയ മാസ്റ്റർപ്ലാനിന്റെ പ്രവർത്തനം പുതിയ നഗരസഭ ഭരണസമിതി അധികാരത്തിലേറിയതിനുശേഷമാണ് സജീവമായത്. മാസ്റ്റർപ്ലാനിന്‌ അന്തിമരൂപം നൽകാൻ നഗരസഭ ചെയർമാൻ അധ്യക്ഷനായ 17 അംഗ സ്പെഷൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്‌കീം ഏരിയകളിലുള്ള വിവിധ റോഡുകൾക്ക് ഏഴ്​ മീറ്റർ മുതൽ 21 മീറ്റർവരെ വീതി ഉണ്ടാകണമെന്ന സ്പെഷൽ കമ്മിറ്റിയുടെ ശിപാർശ കൗൺസിൽ അംഗീകരിച്ചു. മാസ്റ്റർപ്ലാൻ നിലവിൽ വരുന്നതോടെ ഭൂവിനിയോഗത്തിൽ സമഗ്രമായ മാറ്റമുണ്ടാകും. ഭൂവുടമകളുടെ നിലവിലെ വസ്തു ഉപയോഗത്തിന് അനുസൃതമായി ഭൂ വിനിയോഗത്തിൽ മാറ്റമുണ്ടാകും. അതോടെ നിലവിലുണ്ടായിരുന്ന പല നിയന്ത്രണങ്ങൾക്കും ഇളവുണ്ടാകും. ടൂറിസം സാധ്യതകൂടി കണക്കിലെടുത്ത് റിങ് റോഡിനെയും സ്പെഷൽ പ്രോജക്​ടായി പരിഗണിക്കും. വികസന-സാമൂഹിക-പശ്ചാത്തല മേഖലകളിൽ വിപുലമായ പഠനമാണ് ജില്ല ടൗൺ പ്ലാനിങ്​ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നത്. നിർദിഷ്ട മാസ്റ്റർപ്ലാൻ പൂർത്തിയാക്കാൻ പൊതുജനങ്ങളിൽനിന്ന്​ നിർദേശങ്ങൾ സ്വീകരിക്കും. ഇതിനായി പൊതുസെമിനാറുകൾ ജൂണിൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. കൗൺസിൽ യോഗത്തിൽ ജില്ല ടൗൺ പ്ലാനർ ജി. അരുൺ, അസിസ്റ്റന്‍റ്​ ടൗൺ പ്ലാനർ വിനീത് എന്നിവർ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT