കാവാടി ഏലായിൽ ഭൂമി തരംമാറ്റൽ: റവന്യൂ മന്ത്രി റിപ്പോർട്ട് തേടി

അടൂർ: ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡിലെ കാവാടി ഏലായിൽ സ്വകാര്യ വ്യക്തി ഭൂമി തരംമാറ്റുന്നതിനെതിരെ ലഭിച്ച പരാതിയിൽ അടൂർ ആർ.ഡി.ഒയോട് റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. സി.പി.എം കാവാടി ബ്രാഞ്ച് സെക്രട്ടറി ഗീവർഗീസാണ് മന്ത്രിക്ക് പരാതി നൽകിയത്. ഏലായിൽ മണ്ണിടൽ ആരംഭിച്ചപ്പോൾതന്നെ കെ.എസ്.കെ.ടി.യുവും കേരള കർഷക സംഘവും ഏഴംകുളം വില്ലേജ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഭൂവുടമ നിലത്തിൽ വ്യാപകമായി തെങ്ങിൻ തൈകൾ നട്ടു. നിലത്തിനോട് ചേർന്ന കുന്നിടിച്ചാണ് ആദ്യം മണ്ണിട്ടത്. കുന്നിന്റെ അടിവാരത്തുനിന്നും ഉത്ഭവിക്കുന്ന ജലശ്രോതസ്സ് നിലത്തിന് സമീപ ചാലിലൂടെ ഒഴുകിയാണ് ഒഴുകുപാറ തോട്ടിൽ എത്തുന്നത്. ജലത്തിന്റെ സുഗമമായ ഒഴുക്കും ഇപ്പോൾ തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തി നിലത്തിന് സമീപത്ത് നിർമിക്കുന്ന വീട്ടിലേക്കുള്ള വഴിക്കാണ് നിലത്തിൽ മണ്ണിട്ട​തെന്നാണ് പറയുന്നത്. എന്നാൽ, ഇതിന് വേണ്ട അനുമതി വാങ്ങിയിട്ടില്ല. 2017ൽ കുടുംബശ്രീ അയൽക്കൂട്ടം ഈ ഏലാ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തതിരുന്നു. അന്നത്തെ ഭൂവുടമ ഈ വസ്തു മറ്റൊരാൾക്ക് വിറ്റതോടെയാണ് പുതിയ ഉടമ നിലം തരംമാറ്റുന്നത്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് സി.പി.എം കാവാടി ബ്രാഞ്ച് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.