പരിസ്ഥിതി ലോല മേഖല: മലയോരത്ത്​ ആശങ്ക, പ്രതിഷേധം

കൊല്ലമുള, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത് പത്തനംതിട്ട: സംരക്ഷിത വനത്തിന്​ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധമെന്ന സുപ്രീംകോടതി ഉത്തരവ്​ ജില്ലയിലെ മലയോര മേഖലയിൽ സൃഷ്ടിക്കുന്നത്​ കനത്ത ആശങ്ക. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്​​ മലയോര മേഖലയിൽപെടുന്ന ഏഴ്​ വില്ലേജിൽപെടുന്നവർ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമരവമായി രംഗത്തിറങ്ങും. പ്രതിഷേധത്തി‍ൻെറ ആദ്യഘട്ടമെന്ന നിലയിൽ കോൺഗ്രസ് ​നേതൃത്വത്തിൽ ചൊവ്വാഴ്ച​ മലയോരത്തെ ആറു പഞ്ചായത്തിലും ഒരു വില്ലേജിലും ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ്​. റാന്നി, കോന്നി താലൂക്കുകളിലെ കൊല്ലമുള, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ വില്ലേജുകളാണ് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത്. ഇവിടെ വളരെയധികം കൃഷി ഭൂമികൾ പ രിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടും. ചില സർക്കാർ സ്ഥാപനങ്ങളും ഇതിൽപെടും. സ്ഥിരം കെട്ടിടമോ ഖനനമോ പാടില്ലെന്നാണ്​ ഉത്തരവ്​. ഇത്​ മലയോര മേഖലകളിലുള്ളവരെ ദുരിതത്തിലാക്കും. നേരത്തേ പ്രദേശങ്ങൾ പരിസ്ഥിതിലോലമാക്കിയതിനെ തുടർന്ന്​ പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് തീരുമാനങ്ങൾ വൈകിപ്പിച്ചു. ജനപ്രതിനിധികൾ, സംസ്ഥാന സർക്കാർ എന്നിവരിൽനിന്നും ലഭിച്ച ഉറപ്പിന്മേൽ പ്രദേശത്തെ ഒഴിവാക്കുമെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നതെങ്കിലും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ മലയോര മേഖലകൾ നിലനിൽക്കുകയാണ്. പരിസ്ഥിതിലോല മേഖലയിൽ താമസിക്കാൻ തടസ്സമില്ലെങ്കിലും വീടോ കെട്ടിടങ്ങളോ നിർമിക്കാൻ​ കടുത്ത നിയന്ത്രണമുണ്ടാവുമെന്നതാണ് ആശങ്ക. വന അതിർത്തി വേർതിരിക്കുന്ന ജണ്ടകൾക്കു പുറത്തെ കൃഷിഭൂമികൂടി പരിസ്ഥിതിലോലമാക്കുന്നത് കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന്​ ജനങ്ങളെ ദുരിതത്തിലാക്കും. വന അതിർത്തി നിശ്ചയിച്ച ജണ്ടകൾക്കുള്ളിലുള്ള വനപ്രദേശം മാത്രമായിരുന്നു ഇ.എസ്.എ പരിധിയിൽ വരുന്നത്. എന്നാൽ, പി.എച്ച്. കുര്യൻ കമീഷൻ ശിപാർശയിൽ ജില്ലയിലെ ആറു പഞ്ചായത്തിലെയും ഒരു വില്ലേജിലെയും ജനവാസ മേഖലകൾ ഉൾപ്പെടുന്നുണ്ട്​. കൃഷിഭൂമികളും തോട്ടങ്ങളും പരിസ്ഥിതിലോല മേഖലയിൽ വന്നാൽ ദോഷകരമായി ബാധിക്കും. മലയോര കർഷകരുടെ കൈവശഭൂമി വനഭൂമിയാണെന്ന അവകാശവാദം വനം വകുപ്പ് ഉന്നയിക്കാൻ ഇടയാക്കും. മലയോര കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രശ്നത്തിൽ ഇപ്പോൾ തന്നെ വനം വകുപ്പ് ഇത്തരം തർക്കം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വനം അതിർത്തി പങ്കുവെക്കാത്ത പ്രദേശങ്ങൾക്ക് പോലും പട്ടയം നൽകാൻ വനം വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ട്. വനമേഖലക്ക്​ പുറത്തുള്ള പ്രദേശം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ്​​ ജനങ്ങൾ ആവശ്യപ്പെടുന്നത്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.