ഏഴ്​ പഞ്ചായത്തുകളിൽ ഇന്ന്​ ഹര്‍ത്താല്‍

പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക് ചുറ്റം ഒരുകിലോമീറ്റര്‍ പരിസ്ഥിതി മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ റിവിഷന്‍ ഹരജി നല്‍കണമെന്ന്​ ആവശ്യപ്പെട്ട് ജില്ലയില മലയോര മേഖലയിൽപെട്ട ഏഴ്​ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച കോൺഗ്രസ്​ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. ഇപ്പോള്‍ പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൊല്ലമുള വില്ലേജിലും രാവിലെ ആറ്​ മുതല്‍ വൈകീട്ട് ആറ്​വരെയാണ്​ ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹ ആവശ്യങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന്​ ഒഴിവാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് അറിയിച്ചു. ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍നിന്ന്​ ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഭ്യർഥിച്ചു. --------- സർക്കാർ സർവകക്ഷിയോഗം വിളിക്കണം -യു.ഡി.എഫ് പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക്​ ഒരു കിലോമീറ്റർ ആകാശ ദൂരത്തിൽ പരിസ്ഥിതിലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലക്ഷക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്നും വിഷയം ചർച്ചചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി.തോമസ് ആവശ്യപ്പെട്ടു. നിയമസഭ വിളിച്ച്​ പ്രമേയം പാസാക്കണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയാറാകണം. ജില്ലയിലെ ജനപ്രതിനിധികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും വിക്ടർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.