പെരുമ്പെട്ടിയിലെ പട്ടയത്തിൽ ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണം -സി.പി.ഐ

മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ പട്ടയ വിഷയത്തില്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് പട്ടയം നല്‍കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കൊറ്റനാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ സർവേയില്‍ വനാതിര്‍ത്തിക്കു പുറത്താണ് താമസക്കാരെന്ന് കണ്ടെത്തിയിരുന്നു. 5 12 കുടുംബങ്ങളാണ് പട്ടയത്തിനായി ഇവിടെ കാത്തിരിക്കുന്നത്. കേന്ദ്ര നിയമം ചൂണ്ടിക്കാട്ടി വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പട്ടയം നല്‍കുന്നതിനെ എതിര്‍ക്കുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. സതീശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി. സാം അധ്യക്ഷത വഹിച്ചു. ജില്ല കൗണ്‍സിലംഗങ്ങളായ മനോജ് ചരളേല്‍, ടി.ജെ. ബാബുരാജ്, അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ. ചാണ്ടി, ശ്രീജിത്ത് തച്ചേത്ത്, ടി.കെ. തങ്കപ്പന്‍, റോബി എബ്രഹാം, ബിനോജ് കുമാര്‍, രതി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ കേഴപ്ലാക്കലിൽ (സെക്ര), ഷിബു ലൂക്കോസ് (അസി. സെക്ര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.