റാന്നി എസ്.എൻ.ഡി.പി യൂനിയൻ മൈക്രോ ഫിനാൻസ് വായ്​പ: റവന്യൂ റിക്കവറിക്ക്​ മൂന്നു മാസം സ്​റ്റേ

കൊച്ചി: റാന്നി എസ്.എൻ.ഡി.പി യൂനിയൻ ശാഖ യോഗങ്ങൾക്ക്​ കീഴിലെ മൈക്രോ ഫിനാൻസ്​ യൂനിറ്റുകൾക്ക് അനുവദിച്ച ബാങ്ക്​ വായ്​പയിലെ റവന്യൂ റിക്കവറി നടപടികൾ മൂന്ന്​ മാസത്തേക്ക്​ നിർത്തിവെക്കണമെന്ന്​ ഹൈകോടതി​. ​മൈക്രോ ഫിനാൻസ്​ യൂനിറ്റുകൾക്ക്​ ചെറുകിട വ്യവസായ യൂനിറ്റുകൾ ആരംഭിക്കാൻ അനുവദിച്ച വായ്​പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ്​ ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. വായ്​പ ഗഡുക്കളടക്കാൻ ഭാരവാഹികളെ തുക ഏൽപ്പിച്ചിരുന്നെങ്കിലും അവർ വീഴ്ച വരുത്തിയെന്ന്​ കാട്ടി ശാഖായോഗം ഭാരവാഹികൾ നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​. യൂനിയന്റെ അക്കൗണ്ടിലൂടെയെ വായ്​പ അനുവദിക്കാനാവൂ എന്നതിനാൽ തിരിച്ചടവും യൂനിയൻ വഴിയാകണമെന്ന്​ വിശ്വസിപ്പിച്ചാണ്​ തട്ടിപ്പ്​ നടത്തിയതെന്നാണ്​ ഹരജിയിലെ ആരോപണം. ആരോപണം ഗൗരവതരമാണെന്നും ഇത്​ ശരിയാണെങ്കിൽ യൂനിയൻ ഭാരവാഹികളടക്കമുള്ളവർക്കെതി​രെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാനാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ്​ റവന്യൂ റിക്കവറി നടപടികൾക്കെതിരെ സിവിൽ നടപടി സ്വീകരിക്കാൻ സമയം അനുവദിക്കുന്നതിന്​ മൂന്ന് മാസത്തേക്ക്​ റിക്കവറി നടപടികൾ ​തടഞ്ഞത്​. ബാങ്കിലടക്കാൻ നൽകിയ തുക യൂനിയൻ ഭാരവാഹികൾ തിരിമറി നടത്തിയതിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. പരാതി ലഭിച്ചാൽ അടിയന്തര നടപടി ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്​കരിക്കണമെന്നാവശ്യപ്പെട്ട്​ ഹരജിക്കാർക്ക് പൊലീസ്​ മേധാവിയെ സമീപിക്കാം. നിവേദനം ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കണം. യൂനിയൻ ഭാരവാഹികൾക്കെതിരായ പരാതിയിൽ അന്തിമ റിപ്പോർട്ട്​ നൽകിയിട്ടുണ്ടെങ്കിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.