വേനൽമഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് സഹായം എത്തിക്കാൻ നടപടി

പന്തളം: കനത്ത വേനൽ മഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായമെത്തിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ജില്ല കലക്ടറെ കണ്ട്​ ചർച്ച നടത്തും. ചൊവ്വാഴ്ച രാവിലെ 11.30ന് ​പന്തളം കടയ്ക്കാട് കൃഷിഭവനിൽ കൂടിയ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. പന്തളത്ത് വിവിധ പാടശേഖരത്തിലെ കർഷകരുമായി ഉദ്യോഗസ്ഥസംഘം ചർച്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തി. അഞ്ഞൂറോളം ഏക്കർ പാടശേഖരങ്ങളിലെ നെല്ല്​ മഴയിൽ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. പാടശേഖരത്തിൽ കെട്ടിനിൽക്കുന്ന മഴവെള്ളം ഐരാണിക്കുഴി പാലത്തിനരികിൽ വലിയ കുതിരശക്തിയുള്ള പമ്പ് സ്ഥാപിച്ച്​ വലിയ തോട്ടിലേക്ക് ഒഴുക്കിവിടാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ദീർഘകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പാടശേഖരത്തിലെ നഷ്ടങ്ങൾ കണക്കാക്കി ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ സ്ഥാപിക്കുന്നതിനുള്ള പണം കണ്ടെത്താമെന്നും ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പുനൽകി. പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാൻസി സി. കോശി, കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ആർ.എസ്. റീജ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജയപ്രകാശ് രാജു, കർഷകരെ പ്രതിനിധാനം ചെയ്ത്​ വി.ബി. ജയൻ, ബാലകൃഷ്ണക്കുറുപ്പ്, കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, കെ.എൻ. രാജൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: കടയ്ക്കാട് കൃഷി ഓഫിസിൽ കർഷക പ്രതിനിധികളുമായി പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.