സ്പോർട്സ് സ്കൂൾ പ്രവേശനം; മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്​ഷൻ ട്രയൽ

പത്തനംതിട്ട: ആറ് മുതല്‍ 11ആം തരം വരെയുള്ള സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്​ഷന്‍ ട്രയൽസ് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, ​തയ്ക്വാൻഡോ, വോളിബാള്‍, ബാസ്‌കറ്റ്‌ബാള്‍, ഹോക്കി, റസ്​ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സെലക്​ഷനാണ് വ്യാഴാഴ്ച് നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട്​ ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുമ്പായി സ്റ്റേഡിയത്തിൽ ഹാജരാകണം. ആറ്​, ഏഴ്​ ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്​, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും എട്ട്​, 11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് കേരളയാണ് കായിക വിദ്യാർഥികള്‍ക്കായി ഈ അവസരം ഒരുക്കിയിരുക്കുന്നത്. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ആറ്​ മുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്​ഷന്‍ ട്രയല്‍സാണ് പത്തനംതിട്ടയിൽ നടത്തുന്നത്. സഹ. ബാങ്കുകളെ സി.പി.എം കൊള്ളയടിക്കുന്നു -യുവമോർച്ച പത്തനംതിട്ട: സഹ. ബാങ്കുകളെ സി.പി.എം കൊള്ളയടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് പറഞ്ഞു. യുവമോർച്ച ജില്ല കമ്മിറ്റിയുടെ ഏകദിന നേതൃത്വ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു. സഹ. ബാങ്കുകൾ ഭൂരിപക്ഷവും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൈലപ്ര സഹ. ബാങ്ക് അഴിമതി. സഹകരണ ബാങ്ക് അഴിമതികളിൽ സി.പി.എമ്മിന് പിന്തുണ കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോർച്ച ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്​ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ല വൈസ് പ്രസിഡന്റ് കെ. ബിനുമോൻ, ജി. ശ്യാംകൃഷ്ണൻ, വിപിൻ വാസുദേവ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പ്രബന്ധരചന മത്സരം പത്തനംതിട്ട: സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷികത്തോട്​ അനുബന്ധിച്ച് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സ്കൂൾ വിദ്യാർഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. 'എം.പി. വീരേന്ദ്രകുമാർ എന്ന പരിസ്ഥിതി സ്നേഹി' എന്നതാണ് വിഷയം. എട്ടുപുറത്തിൽ കവിയരുത്. വിജയികൾക്ക് സമ്മാനങ്ങൾ 28ന് വിതരണം ചെയ്യും. മേയ് 20നകം റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ എന്ന വിലാസത്തിൽ പ്രബന്ധങ്ങൾ അയക്കണം. ഫോൺ: 9495104828.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.