പത്തനംതിട്ടയിലെ 12 വില്ലേജിൽ ഡിജിറ്റല്‍ സര്‍വേ: സമയബന്ധിതമായി പൂർത്തീകരിക്കും

പത്തനംതിട്ട: റവന്യൂ വകുപ്പിന്‍റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേയെന്ന് കലക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലതലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സര്‍വേക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 വില്ലേജിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച ഫെബ്രുവരി കൊണ്ടുതന്നെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും റീസര്‍വേയില്‍ വന്ന പിഴവുകള്‍ തിരുത്തി വരുകയാണെന്നും വില്ലേജ് ഓഫിസര്‍മാര്‍ അറിയിച്ചു. ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചിരുന്നു. സര്‍വേ ഭൂരേഖ വകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തിയത്. ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടിവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടിവ് മാപ്പിങ്​ ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ച്​ ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗം കിട്ടുന്നതിനും അപേക്ഷ വേഗം തീര്‍പ്പാക്കാനും ഡ്രോണ്‍ സര്‍വേ സഹായിക്കും. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന ആര്‍. രാജലക്ഷ്​മി, എല്‍.ആര്‍ തഹസില്‍ദാര്‍മാര്‍, വിവിധ വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പത്തനംതിട്ട: ജില്ലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായിരിക്കണമെന്ന്​ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ ഏകോപന സമിതി ജില്ലതല യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. എന്തുകൊണ്ടാണ് ഒരു പദ്ധതി നടക്കാത്തത്, അല്ലെങ്കില്‍ അതിന്​ വരുന്ന കാലതാമസത്തിന്​ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ജോയന്‍റ്​ സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബി. വിനു, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യു, ഡെപ്യൂട്ടി കലക്ടര്‍ ടി.എസ്. ജയശ്രീ, ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എസ്.എല്‍. സജി, സ്‌പെഷല്‍ തഹസില്‍ദാര്‍ എസ്.സിന്ധു, ജൂനിയര്‍ സൂപ്രണ്ട് സാജു സി. മാത്യു, വിവിധ വകുപ്പ്​ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.